നവംബര്‍ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നാസയുടെ ബഹിരാകാശശാസ്ത്രജ്ഞ സുനിതാവില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും.
ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്രബഹിരാകാശനിലയത്തില്‍നിന്ന് (ഐ.എസ്.എസ്.), വെള്ളിയാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”പൗരര്‍ എന്നനിലയില്‍ വോട്ടുചെയ്യല്‍ സുപ്രധാനമായ കടമയാണ്. ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യല്‍ രസകരമായിരിക്കും” -സുനിത പറഞ്ഞു. വോട്ടുചെയ്യാനുള്ള അപേക്ഷ നല്‍കിയെന്നും നടപടിക്രമങ്ങള്‍ നാസ എളുപ്പമാക്കുമെന്നാണ് കരുതുന്നതെന്നും വില്‍മോറും പറഞ്ഞു. എന്നാല്‍, പിന്തുണ ഡൊണാള്‍ഡ് ട്രംപിനോ കമലാ ഹാരിസിനോ എന്നത് വ്യക്തമാക്കിയില്ല.
സുനിതയ്ക്കും വില്‍മോറിനും വോട്ടുചെയ്യുന്നതിനുള്ള അവസരമൊരുക്കാന്‍ നാസയുമായി ചേര്‍ന്ന് ശ്രമംനടത്തുകയാണെന്ന് ടെക്‌സസിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1997-ല്‍ യു.എസ്. സംസ്ഥാനമായ ടെക്‌സസ് ആണ് നാസയിലെ ഉദ്യോഗസ്ഥര്‍ക്ക് ബഹിരാകാശത്തുനിന്ന് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന നിയമം ആദ്യം പാസാക്കിയത്.