ഇന്ന് തിരുവോണം ; ഓണാഘോഷത്തിൽ മലയാളികൾ , ഗുരുവായൂരും ശബരിമലയിലും വിശേഷാൽ പൂജകളും ഓണസദ്യയും

Written by Taniniram

Published on:

മലയാളികള്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിച്ച് വീണ്ടും ഒരു ഓണം കൂടി. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ നല്ല നാളിന്റെ ഓര്‍മ പുതുക്കല്‍കൂടിയാണ് ഓണം. ലോകത്ത് എവിടെയായാലും മലയാളികള്‍ ഓണം ആഘോഷിക്കും. ഇത് ഓണത്തിന്റെ ഒരു പ്രത്യേകതയാണ്.

തന്റെ പ്രജകളെ കാണാന്‍ മഹാബലി പാതാളത്തിൽ നിന്നും തിരുവോണനാളിൽ എത്തുന്നു എന്നാണ് സങ്കല്പം. ഓണപ്പൂക്കളമിട്ടാണ് മഹാബലിയെ വരവേല്‍ക്കുന്നത്. ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്ത് ദിവസമാണ് ഓണപ്പൂക്കളം തീര്‍ക്കുന്നത്. വിഭവസമൃദ്ധമായ സദ്യ ഒരുക്കിയാണ് ഓണം ആഘോഷിക്കുന്നതും.

ഓണത്തിന് ഗുരുവായൂരില്‍ ഒരു മണിക്കൂര്‍ ക്ഷേത്രദർശനസമയം നീട്ടിയിട്ടുണ്ട്. ഈ മാസം 22 വരെ ക്ഷേത്രം നട ഉച്ചക്ക് 3.30ന് തുറക്കും. ഇന്നലെ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു. ഇന്നു തിരുവോണനാളിൽ ഭഗവാന് ഓണപ്പുടവ സമർപ്പിക്കും. ഓണനാളിൽ പതിവ് ചടങ്ങുകൾക്കു പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും. തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒമ്പതിന് തുടങ്ങും.

ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലനട തുറന്നിട്ടുണ്ട്. കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ ഇനിയുള്ള ഒന്‍പത് ദിവസം ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാനുള്ള അവസരമുണ്ട്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും.

ഇന്നലെ ഉത്രാടത്തിന് ശബരിമല മേല്‍ശാന്തിയാണ് ഓണസദ്യ നല്‍കിയത്. തിരുവോണത്തിന് ദേവസ്വം ജീവനക്കാരാണ് സദ്യ നല്‍കുന്നത്. നാളെ അവിട്ടം നാളില്‍ പൊലീസും സദ്യ ഒരുക്കും. കന്നി മാസ പൂജകള്‍ക്ക് ശേഷം സെപ്‌റ്റംബര്‍ 21ന് രാത്രി 10ന് നട അടയ്ക്കും.

See also  ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ആൾകൂട്ടാക്രമണത്തിൽ യുവ കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

Leave a Comment