ഇന്ന് വിനായകചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ സവിശേഷ പൂജകള്‍…

Written by Web Desk1

Published on:

ഇന്ന് വിനായകചതുര്‍ത്ഥി. ഗണപതിയുടെ ജന്മദിനമാണ് വിനായകചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഗണേശപൂജയും വ്രതവും ജീവിതത്തിലെ ദുഖങ്ങള്‍ ഹനിക്കുമെന്നാണ് വിശ്വാസം.

കാര്യസാധ്യത്തിനും വിഘ്നശാന്തിക്കും വിനായകപ്രീതി വേണമെന്നാണ് ഹൈന്ദവ വിശ്വാസം. വിനായകചതുര്‍ത്ഥി ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും സവിശേഷ പൂജകള്‍ നടക്കുന്നു. വിനായകന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ഉണ്ണിയപ്പം എന്നിവ നിവേദിക്കുന്നു.

മറാത്ത ഭരണാധികാരിയായിരുന്ന ശിവജി തന്റെ പ്രജകള്‍ക്കിടയില്‍ ദേശീയവികാരം സൃഷ്ടിക്കാന്‍ ഗണേശചതുര്‍ത്ഥി ആഘോഷത്തെ പ്രയോജനപ്പെടുത്തിയതോടെയാണ് പൊതു ആഘോഷത്തിന്റെ സ്വഭാവം വിനായകചതുര്‍ത്ഥി കൈവരിച്ചത്. ബ്രിട്ടീഷുകാര്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍ നിരോധിച്ചപ്പോള്‍ ബാലഗംഗാധര തിലക് ഇന്ത്യന്‍ വികാരം ആളിക്കത്തിക്കാനും ജനതയെ ഒരുമിപ്പിക്കാനും ഈ ഉത്സവം പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് വിനായക ചതുര്‍ഥി ആയി ആഘോഷിക്കുന്നത്. വിഘ്‌നങ്ങളെല്ലാം അകറ്റുന്ന വിഘ്‌നേശ്വരനായുള്ള ദിനം ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ളതാണ്. ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ഥിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

വിഘ്‌നേശ്വരന്‍, ഗജാനനന്‍, വക്രതുണ്ഡ, ധൂമ്രകേതു, ഏകദന്ത, സിദ്ധി വിനായക എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണപതി ഐശ്വര്യത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ദേവനായാണ് കണക്കാക്കപ്പെടുന്നത്. ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിൽ തടസങ്ങൾ നീങ്ങാനും ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനും കാരണമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല കെട്ടുകയോ മോദക നിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകള്‍ നടത്തുകയോ ചെയ്യുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. വിനായക ചതുര്‍ഥി ദിനത്തില്‍ ചില ക്ഷേത്രങ്ങളില്‍ ആനയൂട്ടും മറ്റ് പൂജകളും നടത്താറുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പത്ത് ദിവസത്തെ ആഘോഷമായാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്.

ഗണേശ ചതുർഥിയുടെ ഉത്ഭവം പുരാതന കാലത്തിലാണ്. ആദ്യ കാലങ്ങളില്‍ മഹാരാഷ്‌ട്രയിലും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു വിനായക ചതുര്‍ഥി ആഘോഷങ്ങൾ നടന്നുവന്നിരുന്നത്. ഇപ്പോൾ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിനായക ചതുര്‍ഥി വിപുലമായി ആഘോഷിക്കുന്നുണ്ട്. പത്ത് ദിവസത്തെ ആഘോഷമായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. കേരളത്തില്‍ സമീപ കാലത്തായാണ് വിനായക ചതുര്‍ഥിയുടെ വലിയ ആഘോഷങ്ങള്‍ ആരംഭിച്ചത്.

See also  ശംഖനാദത്തോടെ രാംലല്ല മിഴിതുറന്നു…….

Related News

Related News

Leave a Comment