കൊച്ചി (Kochi) : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചുകഴിക്കാനും കറിവച്ചുകഴിക്കാനും തോരനായും അച്ചാറായും എല്ലാം മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. വില റോക്കറ്റ് പോലെ കുതിച്ചാലും ഇത്തിരി മത്തിച്ചാറില്ലാതെ മലയാളിയ്ക്ക് ചോറ് ഇറങ്ങില്ല. അതുകൊണ്ട് തന്നെ പുറത്ത് ഹോട്ടലുകളിൽ നിന്ന് ഊൺ കഴിക്കേണ്ടി വന്നാലും ഒരു ചാളവറുത്തത് കൂടെ സ്‌പെഷ്യലായി വാങ്ങി ഒരുപിടി പിടിക്കും.
അങ്ങനെ ആഗ്രഹം തോന്നി ഒരു യുവാവും ഊണിനൊപ്പം മത്തി വാങ്ങി. ഭക്ഷണമെല്ലാം കഴിച്ച ശേഷം ബില്ല് കണ്ടപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ഒരു മത്തി വറുത്തതിന്റെ വില നാലക്കമെത്തിയിരിക്കുന്നു. ഇതെവിടെയാണ് വിദേശരാജ്യങ്ങളിലോ മറ്റോ ആണോ അതോ വല്ല സ്വർണമത്തിയാണോ ന്നെ് ചോദിക്കാൻ വരട്ടെ. കൊച്ചിയിലെ ഒരു ഹോട്ടലിലെ ബില്ലാണിത്.
കൊച്ചിയിലെ അമൃത ഹോസ്പിറ്റലിന് സമീപത്തുള്ള പോണേക്കരയിലെ ന്യൂ മലബാർ റസ്റ്റോറന്റിൽ നിന്ന് 70 രൂപ വിലയുള്ള രണ്ട് ഊണ്, 140 രൂപ ഈടാക്കുന്ന ഒരു ബീഫ് ബിരിയാണി പിന്നെ ഒരു ചാള വറുത്തത് എന്നിവയാണ് ഓർഡർ ചെയ്ത് കഴിച്ചത്. ഒടുവിൽ ബില്ല് വന്നപ്പോൾ അതിൽ ചാള വറുത്തതിന് അടിച്ചിരിക്കുന്ന വിലയാകട്ടെ 4060 രൂപയും. ബില്ലിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയും ചെയ്തു. സാങ്കേതിക പിഴവാണ് മത്തിയുടെ വില ഇത്രയും ബില്ലിൽ വരാൻ എന്ന കാര്യം വ്യക്തമാണ്. പ്രിന്റിംഗ് തകരാർ ആണെങ്കിൽ ഹോട്ടലുകാർ അത് പരിഹരിച്ച ശേഷം ഉപഭോക്താവിന് ബില്ല് നൽകേണ്ടതായിരുന്നുവെന്നും ഇത് മനുഷ്യനെ ഞെട്ടിക്കാനായി ഓരോ പ്രവർത്തി എന്നും ആളുകൾ വിമർശിക്കുന്നുണ്ട്.