പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഒളിക്യാമറ പേടി. ശുചിമുറിക്കകത്ത് രഹസ്യമായി വയ്ക്കുന്ന ക്യാമറകൾ നമ്മുടെ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കില്ല.
തുണിക്കടകളിലെ ചേയ്ഞ്ചിംഗ് റൂമുകളിലും ഹോട്ടൽ മുറികളിലും സമാന ഭയമാണ് സ്ത്രീകൾ നേരിടാറുള്ളത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് എളുപ്പത്തിൽ ഒളിക്യാമറ കണ്ടെത്താൻ കഴിയും.
ശുചി മുറിയോ ചേയ്ഞ്ചിംഗ് റൂമോ ഉപയോഗിക്കുന്നതിന് മുൻപ് ചുറ്റും സൂക്ഷ്മമായി പരിശോധിക്കുകയാണ് ആദ്യം വേണ്ടത് ചില ക്യാമറകൾ സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് കണ്ടെത്താൻ കഴിയും. ഇനി എവിടെയെല്ലാമാണ് ഇത്തരത്തിൽ സൂക്ഷ്മമായി പരിശോധിക്കേണ്ടത് എന്ന് നോക്കാം.
ശുചി മുറികളിൽ മുകൾഭാഗത്ത് നോക്കിയാൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ടാകാം. ഇവിടെ രഹസ്യമായി ക്യാമറകൾ സ്ഥാപിക്കാം. അതിനാൽ ഈ ഭാഗം സൂക്ഷ്മമായി പരിശോധിക്കണം. ടിഷ്യൂ ബോക്‌സ് ഉണ്ടെങ്കിൽ അതിനകവും പരിശോധിക്കണം. ബാത്ത് ടബ്ബിന്റെ സിങ്കുകളിൽ ചെറിയ ദ്വാരങ്ങൾ കാണാൻ സാധിക്കും. ഇതും പരിശോധിക്കണം. ഷവറിനുള്ളിലും ക്യാമറ സ്ഥാപിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ ഷവറിന്റെ ഭാഗങ്ങൾ പരിശോധിക്കാം. ടാപ്പുകളും പരിശോധിക്കണം.
ഹോട്ടൽ മുറികളിലും ശുചിമുറികളും സ്ഥാപിച്ചിട്ടുള്ള കണ്ണാടികളും സൂക്ഷ്മമായി പരിശോധിക്കണം. കണ്ണാടികളിലെ ക്യാമറ കണ്ടെത്താൻ മിറർ ടെസ്റ്റ് ചെയ്ത് നോക്കാം. കണ്ണാടിയിൽ വിരൽ കൊണ്ട് വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ വിരലും പ്രതിബിംബവും തമ്മിൽ അകലം ഇല്ലെങ്കിൽ അതിനർത്ഥം ക്യാമറ ഇല്ല എന്നാണ്. പ്രതിബിംബം അകന്നാണ് എങ്കിൽ കണ്ണാടിയുടെ പുറക് വശം പരിശോധിക്കണം.
ശുചിമുറികളും മറ്റും ഉപയോഗിക്കുന്നതിന് മുൻപായി ലൈറ്റുകൾ ഓഫ് ആക്കണം. ഈ വേളയിൽ ക്യാമറകളുടെ ചുവപ്പോ നീലയോ ലൈറ്റ് നമ്മുടെ കണ്ണിൽപെടാൻ സാദ്ധ്യതയുണ്ട്.
ഒളിക്യാമറയുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ അവിടെ നിന്നും ഫോൺ ചെയ്യാം. ഫോണിൽ സംസാരിക്കുമ്പോൾ സിഗ്നൽ മുറിഞ്ഞ് പോകുന്നുണ്ട് എങ്കിൽ അതിനർത്ഥം ഒളിക്യാമറയുടെ സാന്നിദ്ധ്യം ഉണ്ട് എന്നാണ്. ഇന്ന് ഒളിക്യാമറ കണ്ടെത്തുന്നതിനുള്ള നിരവധി മൊബൈൽ ആപ്പുകൾ ലഭ്യമാണ്. ഇവ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.