നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി പാണാവള്ളി സ്വദേശി ഡോണ ജോജിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഡോണയെ കൊട്ടാരക്കര സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി. കേസില്‍ രണ്ടു ദിവസമായി പൂച്ചാക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഡോണ സംഭവം സംബന്ധിച്ച് വിശദമായ മൊഴി നല്‍കി.
ഗര്‍ഭഛിദ്രത്തിനായി ഗുളിക കഴിച്ചതിനാലും കരുതലും സംരക്ഷണവും നല്‍കാത്തതിനാലും പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ പ്രസവിക്കേണ്ടിവരുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡോണയുടെ മൊഴി. ശുചിമുറിയില്‍ പ്രസവിച്ച് ബ്ലേഡ് ഉപയോഗിച്ച് പൊക്കിള്‍ കൊടി മുറിച്ചശേഷം കുഞ്ഞിനെ അവിടെത്തന്നെ സൂക്ഷിച്ചു. പ്രസവത്തിനു പിന്നാലെ അബോധാവസ്ഥയിലായ ഡോണ പിന്നീട് ബോധം വന്നശേഷമാണ് കുഞ്ഞിനെ വിഡിയോ കോള്‍ വഴി തോമസ് ജോസഫിനെ കാണിച്ചത്. ഈ സമയത്ത് കുഞ്ഞിന്റെ കണ്ണുകള്‍ അടഞ്ഞ നിലയിലായിരുന്നു. ജനിച്ച ശേഷം ഒരിക്കല്‍ മാത്രമാണ് കുഞ്ഞ് കരഞ്ഞത്, ഇതോടെ മരിച്ചെന്നു വിചാരിച്ചു. തുടര്‍ന്നാണ് പടിക്കെട്ടുകള്‍ക്കു താഴെയും പാരപ്പറ്റിലും കൊണ്ടുപോയി വച്ചത്.
മരണകാരണമായ രീതിയില്‍ കുഞ്ഞിനെ അലക്ഷ്യമായി കൈകാര്യം ചെയ്യല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ 3 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ വകുപ്പ് ചുമത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഡോക്ടര്‍മാരോടും ഉള്‍പ്പെടെ ഉപദേശം തേടുന്നുണ്ട്. പ്രസവം നടന്ന ഡോണയുടെ വീട്ടിലും ഗര്‍ഭം സ്ഥിരീകരിക്കാന്‍ പോയ അമ്പലപ്പുഴയിലെ ലാബിലും സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.