ജീവിതത്തിലെ തിരക്കുകളിൽ നിന്നെല്ലാം മാറി വിശ്രമവേളകൾ ആനന്ദകരമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലേ? എന്നാൽ ഈ ഇടവേളകൾ വിദേശത്താക്കിയാലോ? അവധിക്കാലം അവസാനിക്കും മുൻപേ കുടുംബവുമൊത്ത് ഫോറിൻ ട്രിപ്പ് തന്നെ നടത്തിക്കളയാം. വിദേശത്തേക്ക് വിനോദയാത്രയോ എന്ന് ചോദിച്ച് മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. നിരവധി രാജ്യങ്ങളാണ് ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് വിസ ഫ്രീ ആയി പ്രവശേനം നൽകുന്നത്. ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ പരിചയപ്പെടാം.
തായ്‌ലൻഡ്
പോക്കറ്റ് കാലിയകാതെ ആളുകൾക്ക് ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ സാധിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തായ്ലൻഡ്. വൈവിധ്യമാർന്ന കാഴ്ചകളാലും ഭക്ഷണവിഭവങ്ങളാലും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് തായ്‌ലൻഡ്. ബാങ്കോക്ക്, പട്ടായ, ചിയാങ് റായി, കോ സാമുയി, ക്രാബി എന്നിവയെല്ലാം തായ്‌ലൻഡിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്.
ശ്രീലങ്ക
മനോഹരമായ കടൽ തീരങ്ങളാലും പ്രകൃതി രമണീയമായ പ്രദേശങ്ങളാലും സമ്പന്നമാണ് ശ്രീലങ്ക. ചരിത്ര സ്മാരകങ്ങൾ, ഹിൽ സ്റ്റേഷനുകൾ, നഗരങ്ങൾ, കടൽ വിഭവങ്ങൾ എന്നിവ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നു. നഗരജീവിതം ഇഷ്ടപ്പെടുന്നവർക്ക്, കൊളംബോയും നെഗോമ്പോയുമാണ് ഏറ്റവും മികച്ച സ്ഥലങ്ങൾ. തണുത്ത കാലാവസ്ഥ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഇഷ്ടപ്പെടുന്നവർക്കായി, നുവാര ഏലിയയും കാൻഡിയും കാത്തിരിക്കുന്നു.
നേപ്പാൾ
ഇന്ത്യയിൽ നിന്ന് വളരെ കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ കഴിയുന്ന പ്രകൃതി രമണീയമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാൾ. കുറഞ്ഞ ചിലവിൽ അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന നേപ്പാൾ ട്രെക്കർമാരുടെ ഇഷ്ട സ്ഥലം കൂടിയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവധിക്കാലം ചിലവഴിക്കാൻ നേപ്പാൾ മികച്ചതാണ്. നേപ്പാളിൽ സന്ദർശിക്കാൻ നിരവധി ആശ്രമങ്ങളും ഉണ്ട്.
ഭൂട്ടാൻ
ചെറിയ ബജറ്റിൽ പെട്ടെന്നുള്ള വിദേശ യാത്ര ആസൂത്രണം ചെയ്യുമ്പോൾ, ഭൂട്ടാൻ പട്ടികയിൽ ഒന്നാമത് തന്നെയാണ്. ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ സാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. താഴ്വരകളുടെ മനോഹാരിതയും ആശ്രമങ്ങളുടെ ശാന്തതയും ഭൂട്ടാനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം തക്ത്സാങ് ആശ്രമമാണ്.
മ്യാൻമാർ
ബീച്ചുകളും ബുദ്ധക്ഷേത്രങ്ങളും നിറഞ്ഞ മ്യാൻമാർ അതിമനോഹരമായ ഒരു രാജ്യമാണ്. ആൻഡമാൻ കടലിനോടും ബംഗാൾ ഉൾക്കടലിനോടും ചേർന്ന് ശാന്തമായ ധാരാളം ബീച്ചുകളുണ്ട് ഇവിടെ. ഗോൾഡൻ റോക്ക്, ബുദ്ധൻറെ മുടിയും മറ്റു അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന ശ്വേദഗോൺ പഗോഡ, ബുദ്ധ വിഹാരമായ ശ്വേനന്ദവ് മൊണാസ്ട്രി, പോപ്പ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന തൗങ് കാലാട്ട് മൊണാസ്ട്രി, എഡി 1105-ൽ പാഗൻ രാജവംശത്തിലെ ക്യാൻസിത്ത രാജാവിൻറെ കാലത്ത് നിർമ്മിച്ച ബുദ്ധക്ഷേത്രമായ ആനന്ദ ക്ഷേത്രം, തൗങ്ഗി ജില്ലയിലുള്ള ഇൻലെ ശുദ്ധജല തടാകം. ക്രൂസ് ടൂറുകൾ നടത്താനാവുന്ന അയേർവാഡി നദി, ബുദ്ധമത തീർത്ഥാടന കേന്ദ്രമായ പിണ്ഡയ ഗുഹകൾ, ഹിറ്റിലോമിൻലോ ക്ഷേത്രം, നാഗപാലി ബീച്ച് എന്നിങ്ങനെ മ്യാൻമറിൽ നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.
ഇന്തോനേഷ്യ
നിരവധി വർഷങ്ങളായി ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇന്തോനേഷ്യ. അതിൻറെ മനോഹാരിതക്കാവട്ടെ, ഒരു കാലത്തും മങ്ങലേറ്റിട്ടില്ല. ഒരിക്കൽ പോയിക്കഴിഞ്ഞാൽ വീണ്ടും പോകാൻ തോന്നുന്നത്രയും സുന്ദരമാണ് ഈ രാജ്യം. പ്രകൃതിസൗന്ദര്യം നിറഞ്ഞ ബാലി, തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായ ജക്കാർത്ത, ബോറോബുദൂർ, പ്രംബനൻ ക്ഷേത്രങ്ങൾ, ബ്രോമോ അഗ്‌നിപർവ്വതം, സുമാത്ര, ജാവ, സുലാവെസി, സ്‌പൈസ് ഐലൻഡ്സ് തുടങ്ങി നിരവധി ഇടങ്ങൾ ഇവിടെ കാണാനുണ്ട്. താന ലോട്ട് ക്ഷേത്രത്തിലെ സൂര്യാസ്തമയക്കാഴ്ചയും ലെംബോൻഗൻ റീഫ് ക്രൂസ്, ആയുംഗ് വൈറ്റ് വാട്ടർ ക്രൂസ് എന്നിവയുമെല്ലാം ആസ്വദിക്കേണ്ടതാണ്
വിയറ്റ്‌നാം
തനതായ സാംസ്‌കാരിക പൈതൃകവും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമുള്ള വിയറ്റ്നാമും എക്കാലത്തെയും ഹോട്ട് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഏഷ്യൻ, യൂറോപ്യൻ സ്വാധീനമുള്ള ഹോയ് ആൻ നഗരം, വിൻഡ് സർഫിംഗിനും കൈറ്റ് സർഫിംഗിനും പ്രശസ്തമായ മുയി നേ, യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹിൽസ്റ്റേഷൻ, ഹാ ലോംഗ് ബേ തുടങ്ങി നിരവധി പ്രദേശങ്ങൾ ഇവിടെ സന്ദർശിക്കാം. റൂഫ്ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവൻ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിംഗുമെല്ലാം പരീക്ഷിച്ച് നോക്കണം.
അസർബൈജാൻ
കുറഞ്ഞകാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായി മാറിയ നാടാണ് അസർബൈജാൻ. യൂറോപ്പിലെ അതേ യാത്രാനുഭവം നൽകുന്ന രാജ്യമാണ് മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസർബയ്ജാൻ. കാണാൻ സുന്ദരം, വിസ കിട്ടാൻ എളുപ്പം, യാത്രച്ചെലവ് കുറവ്-അസർബൈജാൻ പ്രിയപ്പെട്ടതാകാൻ ഇതൊക്കെയാണ് കാരണങ്ങൾ. അസർബൈജാന്റെ തലസ്ഥാനനഗരമായ ബാകു ആണ് ഏറ്റവും മനോഹരം. കാസ്പിയൻകടലിന് അടുത്താണ് ഈ നഗരം. വീതിയുള്ള റോഡുകളും മനോഹരങ്ങളായ കെട്ടിടങ്ങളും ലണ്ടൻ ടാക്സിയും കേബിൾ കാറുമൊക്കെ യാത്രക്കാർക്കിഷ്ടപ്പെടും. പൊതുവെ കുറഞ്ഞ ചെലവാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാനഘടകം.