സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫി ഉണ്ടാക്കുക എന്നത് അൽപം ചടങ്ങുള്ള കാര്യം തന്നെയാണ്. അതിനായി കോഫി ഫിൽറ്റർ വേണമെന്നതാണ് സംഗതി. പക്ഷെ, ഫിൽറ്റർ ഇല്ലാതെയും അതേ രുചിയിൽ ഫിൽറ്റർ കോഫി തയ്യാറാക്കാം. അതിനായി പാലും വെള്ളവും കാപ്പി പൊടിയും മാത്രം മതി.
ചെയ്യേണ്ടതിങ്ങനെ..
ആദ്യമായി ഡികോക്ഷനാണ് (decoction) ഉണ്ടാക്കേണ്ടത്. ഇതിന് വേണ്ടി ഒരു സോസ് പാനിൽ വെള്ളം തിളപ്പിക്കാം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോഫി പൗഡർ ഇട്ട് തിളപ്പിക്കണം. ഇൻസ്റ്റന്റ് കോഫി പൗഡർ ഉപയോഗിക്കരുത്. സാധാരണ കോഫി പൗഡറാണ് ഇതിനാവശ്യം. അതുമല്ലെങ്കിൽ ഫിൽറ്റർ കോഫി പൗഡർ വിപണിയിൽ ലഭ്യമാണ്, അതും ഉപയോഗിക്കാം.
നന്നായി തിളച്ച ശേഷം തീ ഓഫാക്കി, പാൻ മൂടിവയ്‌ക്കുക. വായു കടക്കാത്ത വിധം മൂടിവയ്‌ക്കണം. ഡികോക്ഷൻ തയ്യാറാക്കുന്നതിന് വേണ്ടിയാണിത്. ഇത്തരത്തിൽ 15 മിനിറ്റ് മൂടി വയ്‌ക്കുക. കോഫി പൗഡറിലെ തരികൾ താഴെ അടിയുന്നതിന് വേണ്ടിയാണ് ഇപ്രകാരം വയ്‌ക്കുന്നത്.
അടുത്തതായി സോസ് പാനിലേക്ക് നല്ല കട്ടിയുള്ള പാൽ ഒരു ഒന്നര കപ്പ് ഒഴിച്ചുകൊടുക്കുക. പാട വരാത്ത രീതിയിൽ പാൽ തിളപ്പിച്ച് എടുക്കുക. അതിന് ശേഷം 250 MLന്റെ സ്റ്റീൽ ഗ്ലാസിലേക്ക് ഒരു ഒന്നര ടീസ്പൂൺ പഞ്ചസാര ഇടുക. കൂടുതൽ മധുരം വേണ്ടവർക്ക് ഇനിയും ചേർക്കാം. അതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ഡികോക്ഷൻ ചേർക്കുക. ഏകദേശം മൂന്ന് ടേബിൾ സ്പൂൺ ഡികോക്ഷനാണ് ഗ്ലാസിലേക്ക് ചേർക്കേണ്ടത്. അടിഞ്ഞുകൂടിയ കോഫിയുടെ തരികൾ ഒഴിവാക്കി വേണം ചേർക്കാൻ. ശേഷം ഗ്ലാസിലേക്ക് തിളപ്പിച്ചുവച്ച ചൂടുള്ള പാൽ ചേർത്തുകൊടുത്ത്, നല്ലപോലെ പതിപ്പിച്ച് ആറ്റുക.
ഫിൽറ്റർ കോഫി തയ്യാർ..