വയനാട് ദുരന്ത ധനസമാഹരണത്തിന് കെ പി സി സി മൊബൈൽ ആപ്പുമായി മുന്നോട്ട്…

Written by Web Desk1

Published on:

വയനാട് (Wayanad) : വയനാട് മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം ഈ മാസം 19 മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു. പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ ആയിരിക്കും കെപിസിസിയുടെ നേതൃത്വത്തില്‍ വയനാട് പുനരധിവാസ ധനസമാഹരണ യജ്ഞം നടത്തുക. ഇതിനായി കെപിസിസി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐ എന്‍ സി എന്നാണ് കെപിസിസി മൊബൈല്‍ ആപ്ലിക്കേഷന്റെ പേര്. ആപ്പിന്റെ ലോഞ്ചിംഗ് ആഗസ്റ്റ് 19ന് എറണാകുളം കളമശേരി ചാക്കോളാസ് പവിലിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നിര്‍വ്വഹിക്കും.

പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.ഫണ്ട് സമാഹരണത്തിനായി ധനലക്ഷി ബാങ്കിന്റെയും ഫെഡറല്‍ ബാങ്കിന്റെയും രണ്ട് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്‍കിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.

ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്റെടുക്കാനുള്ള സൗകര്യവുമുണ്ട്. വയനാട് ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒന്‍പത് അംഗ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. ഇവരാകും കോണ്‍ഗ്രസിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും ഉള്‍പ്പെടെയുള്ളവയുടെ ഭാരവാഹികളും വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കേണ്ടത് ഈ ആപ്പ് ഉപയോഗിച്ചാകണം.

മറ്റുതരത്തിലുള്ള ഫണ്ട് ശേഖരണം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. വയനാട് ജനതയെ സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാ സുമനസുകള്‍ക്കും കെപിസിസി ആപ്പ് വഴി സംഭാവന നല്‍കാവുന്നതാണെന്നും കെ സുധാകരന്‍ എംപി അറിയിച്ചു.

വയനാട് ദുരന്തബാധിതരെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് കേരള ജനത ഒന്നടങ്കം അശ്രാന്ത പരിശ്രമത്തിലാണ്. വയനാടിന്റെ വിലാപം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കുന്ന മുറയ്ക്ക് അതിന്റെ നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കും. ഇതിന് പുറമെ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളും കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരും വയനാടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

See also  പാചകവാതക വിലയിൽ നേരിയ കുറവ്

Related News

Related News

Leave a Comment