ഹേമ കമ്മിറ്റി പുറത്തു വിടാം; സജിമോന്റെ ഹർജി തള്ളി ഹൈക്കോടതി

Written by Taniniram

Published on:

സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കക്ഷികളുടെ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് വി.ജി. അരുണ്‍ വിധി പറഞ്ഞത്.

റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷന് നല്‍കിയ ഉറപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, വിവരാവകാശ കമീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് കേസില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന വനിതാ കമീഷനും ‘വുമണ്‍ ഇന്‍ സിനിമ കലക്ടീവും’ ആവശ്യപ്പെട്ടത്.

നേരത്തെ മലയാള സിനിമാ ലോകത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമ്പോള്‍ നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കിയ മൊഴികള്‍ പൂര്‍ണമായി നീക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സിനിമാ സെറ്റുകളിലും മറ്റു സ്ഥലങ്ങളിലുമുണ്ടായ ദുരനുഭവങ്ങളാണ് മൊഴികളില്‍ ഭൂരിഭാഗവും. ഇവ അനുബന്ധമായാണു റിപ്പോര്‍ട്ടിലുള്ളത്. ഫോട്ടോകളും മറ്റും ഉള്‍പ്പെടെ ഒട്ടേറെ തെളിവുകളും രേഖകളും ഇതിന്റെ ഭാഗമായുണ്ടെന്നാണു വിവരം.

Leave a Comment