ഹേമാ കമ്മറ്റിയുടെ പൂർണ്ണരൂപം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് സർക്കാർ കൈമാറി; കേസെടുക്കാവുന്ന കാര്യങ്ങൾ പരിശോധിക്കും; ആശങ്കയിൽ സിനിമാലോകം

Written by Taniniram

Published on:

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം ഉടന്‍ വിപുലീകരിക്കും. റിപ്പോര്‍ട്ട് സംഘം വിശദമായി പരിശോധിക്കും. മൊഴി നല്‍കിയവരെ ഉടന്‍ അന്വേഷണ സംഘം ബന്ധപ്പെടും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്. അതിനിടെ, കേസുകളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

മാധ്യമങ്ങളിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ വന്നതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല; വെളിപ്പെടുത്തലുകള്‍ നടത്തിയവരില്‍നിന്ന് മൊഴിശേഖരിച്ചശേഷമാണ് കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. നിലവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പുറത്തുവന്ന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നല്‍കിയതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പല വമ്പന്‍ പേരുകളും ഇതിലുണ്ട്. സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരേയും പരാമര്‍ശമുണ്ട്. മൊഴികളെ ആദ്യം പലതായി അന്വേഷണ സംഘം തരം തിരിക്കും.

ക്രിമിനല്‍ കേസ് എടുക്കാന്‍ പാകത്തിലുള്ളവ ഇതിലൂടെ കണ്ടെത്തും. ഈ മൊഴി നല്‍കിയവരെയാകും അന്വേഷണ സംഘം സമീപിക്കുക. ഇരയുടേയും ആരോപണ വിധേയന്റേയും പേര് പുറത്തു പോകാതിരിക്കാന്‍ ഈ ഘട്ടത്തില്‍ ശ്രമിക്കും. എഫ് ഐ ആര്‍ ഇടേണ്ട സാഹചര്യമുണ്ടായാല്‍ അത് പൊതു സമൂഹത്തിലെത്തുകയും ചെയ്യും. മലയാള സിനിമാ ലോകവും ആശങ്കയിലാണ്. ഏതെല്ലാം നടന്മാര്‍ ആരോപണത്തില്‍ കുടുങ്ങുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇതുവരെ കുടുങ്ങിയവര്‍ക്ക് ജാമ്യം കിട്ടിയത് മാത്രമാണ് ആശ്വാസം.

See also  ഹേമ കമ്മിറ്റി പുറത്തു വിടാം; സജിമോന്റെ ഹർജി തള്ളി ഹൈക്കോടതി

Leave a Comment