തിരുവനന്തപുരം (Thiruvananthapuram) : പ്രകൃതിയൊന്ന് ഞൊടിച്ചാൽ, പിന്നെ മനുഷ്യനില്ലെന്ന കാര്യം എല്ലാവരും മനസിലാക്കണമെന്ന് അശ്വതി തരുനാൾ ലക്ഷ്മി ഭായ്. നമ്മൾ ഏറ്റവും വലിയ സംഭവമാണെന്നാണ് മനുഷ്യന്റെ വിചാരം. എന്നാൽ, അതങ്ങനെയല്ലെന്നും ലക്ഷ്മി ഭായ് പറഞ്ഞു. ലോക മലയാളി കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു അശ്വതി തിരുനാളിന്റെ പരാമർശം.
‘നമ്മളൊക്കെ വലിയ സംഭവമാണെന്നാണ് മനുഷ്യന്റെയൊക്കെ വിചാരം. എന്നാൽ, പ്രകൃതിയൊന്ന് ഞൊടിച്ചാൽ, മനുഷ്യൻ പിന്നെയില്ലെന്ന കാര്യം മനസിലാക്കണം. കുന്നുകളെല്ലാം ഇടിച്ച് നിരത്തി കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സ്ഥിര സംഭവമായിക്കഴിഞ്ഞു’- അശ്വതി തിരുനാൾ വ്യക്തമാക്കി.
മനുഷ്യന് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ, മുകളിലേയ്ക്ക് നോക്കുമ്പോൾ കിട്ടിയതൊന്നും പോരെന്ന് തോന്നും. താഴേയ്ക്ക് നോക്കണം. അപ്പോൾ മാത്രമേ മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സാധിക്കൂ.. ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ശിക്ഷിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.