വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നു നല്‍കിയ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് ഉടന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി . പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രത്യേക കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ ടിങ്കു ബിസ്വാളിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും.
ഇത്തരമൊരു നിര്‍ദ്ദേശം പുറത്തു വന്ന സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും. കേരളത്തിന്റെ ദുരന്ത നിവാരണത്തെ കുറിച്ച് പരാതികള്‍ ഉയരുമ്പോഴാണ് വിവാദ നിര്‍ദ്ദേശം ചര്‍ച്ചകളിലെത്തിയത്. ഇത് സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടി. ഇതോടെയാണ് മുഖ്യമന്ത്രി തിരുത്തലിന് തയ്യാറായത്.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ നിര്‍ദേശം. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ദുരന്തബാധിത പ്രദേശത്ത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.