തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ നടപടി ഒരുങ്ങുന്നു. തൈക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ ട്രാവൽസിന് എതിരെ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ലേബർ ഓഫിസർക്ക് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.
പരാതിക്കാരനായ ഒറ്റശേഖരമംഗലം സ്വദേശി എ.എസ്.അഭിജിത് ഏപ്രിൽ 10 മുതൽ മേയ് രണ്ടു വരെയാണ് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗെസ്റ്റ് ഹൗസിൽ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. വാഴിച്ചൽ ഇമ്മാനുവേൽ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. 14400 രൂപയാണ് ശമ്പള ഇനത്തിൽ അഭിജിത്തിന് കിട്ടാനുള്ളത്. ഓഗസ്റ്റ് 5 ന് കേസ് പരിഗണിക്കും.