മലപ്പുറം (Malappuram) : കേരളത്തെ അഞ്ചാം തവണയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ് നിപ വൈറസ്. ഇത്തവണ മലപ്പുറം പാണ്ടിക്കാട് നിന്നുമാണ് ആദ്യ നിപ കേസ് സ്ഥിരീകരിച്ചത്. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നും ലഭിച്ച പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ നിപ ബാധ സ്ഥിരീകരിക്കുന്നത്.
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ഒരു സുഹൃത്തിനും രോഗലക്ഷണങ്ങൾ ഉണ്ട്. ആരോഗ്യ വിഭാഗം കുട്ടിയുടെ കുടുംബവും സുഹൃത്തുക്കളുമായി നടത്തിയ അന്വേഷണങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന നിപയുടെ ഉറവിടം കുട്ടി കഴിച്ച അമ്പഴങ്ങ ആകാമെന്നാണ്.
14 കാരനായ വിദ്യാർത്ഥി സ്കൂളിൽ നിന്നും കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്നും ആയിരിക്കാം വൈറസ് ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 15 ആം തീയതി മുതലാണ് കുട്ടിക്ക് നിപ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
2018 ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. 2018 മെയ് 19ന് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ നിന്നുമാണ് ആദ്യം നിപ കേസ് റിപ്പോർട്ട് ചെയ്തത്. ആ വർഷം 18 പേരുടെ ജീവനാണ് നിപ വൈറസ് മൂലം നഷ്ടമായത്. പിന്നീട് 2019ൽ എറണാകുളത്തും 2021ൽ കോഴിക്കോട് ചാത്തമംഗലത്തും 2023ല്‍ കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലും നിപ വൈറസ് ബാധ ഉണ്ടായിരുന്നു.