മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും പേരിൽ വ്യാജ രേഖ ചമച്ച തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

Written by Taniniram

Published on:

മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി റിയാസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. കുലുക്കല്ലൂര്‍ സ്വദേശി മുളയന്‍കാവ് ബേബി ലാന്‍ഡില്‍ ആനന്ദിനെ(39)യാണ് പട്ടാമ്പി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോര്‍ എന്നയാളില്‍നിന്ന് പ്രതിയായ ആനന്ദ് പല തവണകളിലായി 61ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോൾ സര്‍ക്കാരില്‍നിന്ന് തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായി ഉള്ള വ്യാജ രേഖകള്‍ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയുമായിരുന്നു.

ഇക്കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പൊതുമരമത്ത് മന്ത്രിക്ക് പേടിഎം വഴി 98000 രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ചയുടന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുത്തു.

തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി സമാന രീതിയില്‍ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Comment