ഓഫര്‍ സെയിലിനിടെ ലുലു മാളിൽ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍…

Written by Web Desk1

Updated on:

തിരുവനന്തപുരം (Thirivananthapuram) : തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്.

ഓഫർ സെയില്‍ നടക്കുന്നതിനാല്‍ രാത്രിയും പകലുമെല്ലാം വലിയ തിരക്കായിരുന്നു ലുലു മാളില്‍ അനുഭവപ്പെട്ടത്. അധികമായി എത്തിയ ആളുകളെ നിയന്ത്രിക്കാനും സാധനങ്ങള്‍ എടുത്ത് കൊടുക്കാനുമായി താല്‍ക്കാലിക ജോലിക്ക് ആളെ എടുത്തിരുന്നു. അതിനിടെ മൊബൈൽ ഫോണുകള്‍ വില്‍ക്കുന്ന കടയുടെ ഒരു ഭാഗത്തായി ഐ ഫോണ്‍ വച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയില്‍ ജീവനക്കാർ കണ്ടെത്തുകയായിരുന്നു.

14 ഫോണുകള്‍ സൂക്ഷിച്ചിരുന്ന കിറ്റില്‍ നിന്ന് 6 ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ സംശയം തോന്നിയ താല്‍ക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ ആരും തന്നെ കുറ്റം ഏറ്റെടുത്തിരുന്നില്ല. തുടർന്ന് ലുലു മാള്‍ അധികൃതർ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി സിസിസി ടിവി അടക്കം വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ള 9 പേരേയും സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നായി ഫോണുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related News

Related News

Leave a Comment