തേക്കിന്‍കാട് മൈതാനിയില്‍ ഗുണ്ടാനേതാവിന്റെ ആവേശം മോഡല്‍ ജന്മദിനാഘോഷം ; ആഘോഷിക്കാനെത്തിയവരില്‍ വിദ്യാര്‍ത്ഥികളും

Written by Taniniram

Published on:

തൃശൂര്‍: ഫഹദ്ഫാസിലിന്റെ ആവേശത്തിലെ രംഗണ്ണനെ അനുകരിച്ച് ഗുണ്ടകള്‍. വടിവാള്‍ കൊണ്ട് കേക്കു മുറിച്ച് ഗുണ്ടകള്‍ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ പതിവായി പുറത്ത് വരുന്നു.

തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമാ സ്റ്റൈല്‍ പിറന്നാള്‍ ആഘോഷം പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചു. ‘തീക്കാറ്റ്’ സാജന്‍ എന്ന ഗുണ്ടത്തലവനാണ് പിറന്നാള്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചത്. പിറന്നാളാഘോഷത്തിനാണ് 17 വയസ്സുപോലും പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 32 പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടി. എല്ലാവരും ഗുണ്ടാതലവന്റെ ആരാധകരാണ്.

പിറന്നാള്‍ കേക്കും റെഡിയാക്കിയിരുന്നു. സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി. തീക്കാറ്റ് സാജന്‍ സിനിമ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു.എന്നാല്‍, സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്ക് വരാതെ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളോടൊപ്പം തിരിച്ചയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുത്തു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

അടുത്തിടെ ജയില്‍ മോചിതനായ സാജന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തെക്കേഗോപുരനടയില്‍ ജന്മദിനാഘോഷം ഒരുക്കാനായിരുന്നു. പ്ലാന്‍ ചെയ്തത്. പൊലീസിക്കാര്‍ ഇത് രഹസ്യമായി മനസ്സിലാക്കി. തുടര്‍ന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്.

See also  തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിലെ തീപിടിത്തം: ജീവനക്കാരന്‍ ടോയ്‌ലെറ്റില്‍ കുടുങ്ങിയതെങ്ങനെ? മരണത്തില്‍ വ്യക്തത വരാതെ പോലീസ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Leave a Comment