മദ്യനയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയം കൊണ്ടുവന്നു. സംസ്ഥാനത്തെ മദ്യ നയം അട്ടിമറിച്ച സാഹചര്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും റോജി എം ജോണ്‍ ആണ് അടിയന്തര പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയത്. വിഷയം വളരെ ഗൗരവമുള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിക്കണമെന്നും റോജി എം ജോണ്‍ പറഞ്ഞു. സഭയില്‍ മന്ത്രി എം.ബി രാജേഷും റോജി എം. ജോണും തമ്മില്‍ രൂക്ഷമായ വാക്ക്‌പ്പോര് ഉണ്ടായി.
ടൂറിസം വകുപ്പ് എന്തിനാണ് എക്‌സൈസ് വകുപ്പില്‍ ഇടപെടുന്നത്. എക്‌സൈസ് വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് മന്ത്രി മുഹമ്മദ് റിയാസ് ആണോയെന്ന് റോജി എം.ജോണ്‍ ചോദിച്ചു. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ എന്ന് രാജേഷിനെതിരെ ആവേശം സിനിമയിലെ ഡയലോഗ് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു റോജി എം. ജോണ്‍.
എന്നാല്‍ ജനിക്കാത്ത കുഞ്ഞിന്റെ ജാതകമാണ് തെരയുന്നതെന്നായിരുന്നു എം.ബി രാജേഷ് പറഞ്ഞത്. കുഞ്ഞ് ജനിച്ചിട്ടുണ്ട് ഇനി അച്ഛന്‍ ആരാണെന്ന് അന്വേഷിച്ചാല്‍ മതിയെന്നും റോജി എം.ജോണ്‍ മറുപടി പറഞ്ഞു.
മദ്യ മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. മദ്യനയം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച പോലും ഇതുവരെ നടന്നിട്ടില്ല. ഈ മാസം 12 13 തീയതികളിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.മദ്യനയത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ലാത്ത വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ വിട്ടിറങ്ങി.