തൃശൂരില്‍ ഉജ്ജ്വല വിജയം നേടി ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് സ്ഥാനം ലഭിക്കാത്തത് സംസ്ഥാന ബിജെപി നേതൃത്വയും ഞെട്ടിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുളള സുരേഷ് ഗോപിക്ക് ക്യാബിനറ്റ് സ്ഥാനം ഉറപ്പായും ലഭിക്കുമെന്ന് പ്രവര്‍ത്തകര്‍ കരുതിയിരുന്നു.
പരിചയക്കുറവാണ് സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി നഷ്ടമാകാന്‍ കാരണമായതെന്നാണ് ഡല്‍ഹിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. ആറ് മുന്‍മുഖ്യമന്ത്രിമാരും ദേശീയ സംസ്ഥാന സര്‍ക്കാരുകളില്‍ ഭരണമികവ് തെളിയിച്ചവരെയുമാണ്് ക്യാബിനറ്റ് റാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് സംസ്‌കാരിക വകുപ്പിന്റെ ചുമതല ലഭിക്കുമെന്നാണ് കരുതുന്നത്.
തനിക്ക് നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ തന്നെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു.എന്നാല്‍ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.