ന്യൂഡല്‍ഹി: ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന സ്ഥലമായി തലസ്ഥാനമായ ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 02:30-ന് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. നരേല, നജഫഗഡ് തുടങ്ങിയ പ്രദേശങ്ങളിലും ചൂട് 50 ഡിഗ്രിക്ക് മേലെയാണ് രേഖപ്പെടുത്തിയത്. ന്യൂഡല്‍ഹിയില്‍ കനത്ത ചൂടില്‍ പരിശീലനത്തിനിടെ മലയാളി പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു. വടകര സ്വദേശി ബിനേഷാ(Binesh)ണ് മരിച്ചത്.
രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസും ഹരിയാണയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. ചൂടിനൊപ്പം വൈദ്യുതി ഉപഭോഗവും കുത്തനെ ഉയര്‍ന്നു.ദേശീയ തലസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ആവശ്യകത 8,300 മെഗാവാട്ട് കടന്നു.