മലയാളികൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളിലൊന്നാണ് വെണ്ടക്ക. തോരനും മെഴുക്ക് വരട്ടിയും തീയലുമൊക്കെയായി വെണ്ടക്ക പലവിധം പാചകം ചെയ്ത് നാം കഴിക്കാറുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള വെണ്ടക്ക വെള്ളമായും കുടിക്കാം എന്നത് എത്ര പേർക്ക് അറിയാം. വെണ്ടയ്‌ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് ഈ വെള്ളം തയ്യാറാക്കുന്നത്? നോക്കാം…
ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയവയ്‌ക്ക് നല്ലതാണ് വെണ്ടക്കാ വെള്ളം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും തടയാനും വെണ്ടക്ക വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
- ശരീരത്തിലെ വീക്കം കുറയ്‌ക്കുന്നു. സന്ധിവാതം പോലുള്ള പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
- ദഹനം സുഗമമാക്കുന്നു. മലബന്ധം തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- വെണ്ടക്കയിലെ നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കും. കൊളസ്ട്രോളിന്റെ
അളവ് കുറയുന്നത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നു. - ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു, വരൾച്ചയും ചുളിവുകളും കുറയ്‌ക്കുന്നു.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അണുബാധകളെ ചെറുക്കും.
- അസ്ഥികളുടെ ആരോഗ്യം, കണ്ണിന്റെ ആരോഗ്യം എന്നിവയ്‌ക്കും വെണ്ടക്ക നല്ലതാണ്.
വെണ്ടക്കയിലെ അഴുക്ക് നന്നായി കഴുകി കളയുക. അറ്റം കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി വെണ്ടക്ക മുറിക്കുക. വെണ്ടക്കാ കഷ്ണങ്ങൾ ഒരു പാത്രത്തിലിട്ട് അതിലേക്ക് 2-3 കപ്പ് വെള്ളം ഒഴിക്കുക. ശേഷം പാത്രം മൂടി വെയ്‌ക്കണം. കുറഞ്ഞത് 8-12 മണിക്കൂർ വച്ച ശേഷം വെള്ളത്തിൽ നിന്നും കഷ്ണങ്ങൾ പെറുക്കി മാറ്റുക. ശേഷിക്കുന്ന വെള്ളമാണ് കുടിക്കേണ്ടത്.