പ്രളയപെയ്ത്തില്‍ ദുരന്തമായി തൃശൂര്‍; വെളളക്കെട്ടില്‍ ജനജീവിതം സ്തംഭിച്ചു

Written by Taniniram

Published on:

കനത്തമഴയില്‍ വെളളത്തിലായി തൃശൂര്‍. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയില്‍ ജില്ലയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. തൃശ്ശൂരില്‍ വേനല്‍ മഴ ഇത്രയേറെ ആഘാതങ്ങള്‍ സൃഷ്ടിച്ചത് ആദ്യമായിട്ടാണ്. മഴയെ മുന്നില്‍ക്കണ്ട് കോര്‍പ്പറേഷന്‍ എല്ലാം ചെയ്തു എന്ന് അവകാശപ്പെടുന്നത് വെറും പൊള്ളയാണെന്ന് ഇന്നലെ പെയ്ത മഴ തെളിയിച്ചു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ വെള്ളത്തില്‍ മുങ്ങിപ്പോയി. വടക്കേ ബസ് സ്റ്റാന്‍ഡിനോട് അടുത്തുള്ള അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി. പൂങ്കുന്നം, കോലോത്തും പാടം, മൈലിപ്പാടം എന്നിവിടങ്ങളില്‍ വീടുകളില്‍ എല്ലാം വെള്ളം കയറി ദുരിതമനുഭവിക്കേണ്ടി വന്നു. സ്വരാജ് റൗണ്ടില്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കോര്‍പ്പറേഷന്റെ കൊട്ടിഘോഷിച്ച ഡ്രൈയിനേജ് സംവിധാനവും താറുമാറായി.

ആറു മണിയോടുകൂടി തുടങ്ങിയ മഴ സ്ത്രീകള്‍ അടക്കമുള്ള ജോലികഴിഞ്ഞ് മടങ്ങുന്നവരെ ദുരിതത്തിലാക്കി. നടന്നുപോകുന്ന സ്ത്രീകള്‍ പലരും വെള്ളത്തില്‍ വീണ് പരിക്കു പറ്റുന്ന അവസ്ഥ വരെ നഗരത്തില്‍ ഇന്നലെ ഉണ്ടായി. തൃശ്ശൂരിലെ പ്രധാന ബസ്റ്റാന്‍ഡുകളായ ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും മഴവെള്ളം മുട്ടിനൊപ്പം വരെ എത്തി സ്ത്രീകളും കുട്ടികളും അടക്കം ബസ്സ് കിട്ടാതെയും വലഞ്ഞു. രാത്രി വളരെ വൈകിയും മഴ തോര്‍ന്നിരുന്നില്ല. പ്രളയ സമാനമായ ഒരു ഭീകര രാത്രിയാണ് തൃശ്ശൂരിനെ കടന്നുപോയത്. ഇരുചക്രവാഹനങ്ങള്‍ ഒലിച്ചു പോയി. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ റോഡുകളിലെ കുഴികളില്‍ വീണ് അപകടം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഴയ്ക്ക് മുന്നേ കാനകളും തോടുകളും വൃത്തിയാക്കാത്ത തുകൊണ്ട് പെയ്ത വെള്ളം ഒലിച്ചു പോകാനുള്ള സംവിധാനം എല്ലാം അടഞ്ഞിരുന്നു. കടകളിലേക്കും മാര്‍ക്കറ്റുകളിലെ പച്ചക്കറി മീന്‍ വില്‍പ്പന കടകളിലേക്കും വെള്ളം ഇരച്ചു കയറി വന്‍ നാശനഷ്ടമാണ് കച്ചവടക്കാര്‍ക്ക് ഉണ്ടായിട്ടുള്ളത്. ശക്തന്‍ നഗറിലെ ഇക്കണ്ട വാര്യര്‍ റോഡ്, ദിവാന്‍ജിമൂല, ചെട്ടിയങ്ങാടി പോസ്റ്റ് ഓഫീസ് റോഡ്, മാതൃഭൂമി ഓഫീസ് റോഡ്, അശ്വനി ജംഗ്ഷന്‍ സ്വരാജ് റൗണ്ട് ബിനി ടൂറിസ്റ്റ് ഹോം ഷോര്‍ണൂര്‍ റോഡ്, പെരിങ്ങാവ്, വിയ്യൂര്‍, ചെമ്പുക്കാവ് എന്നിവിടങ്ങളിലെല്ലാം അതി രൂക്ഷമായ വെള്ളക്കെട്ടില്‍ ജനജീവിതം തടസ്സപ്പെട്ടു.
ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗതാഗത തടസ്സത്തില്‍പ്പെട്ട ദുരന്തം അനുഭവിച്ചു. കോര്‍പ്പറേഷന്‍ അധികാരികള്‍ സഹായത്തിനായി എവിടെയും എത്തിയില്ലെന്നത് അതിശയം ഉളവാക്കുന്നു. നിലത്ത് വീണതോടെ നഗരത്തിലെ വൈദ്യുതിയും പോയതോടെ ദുരിതം ഇരട്ടിലേറെയായി. തൃശ്ശൂരിലെ ഭരണ സിരാകേന്ദ്രത്തിന് മുന്നിലാണ് അതി രൂക്ഷമായ വെള്ളക്കെട്ടും ജന ദുരിതവും അരങ്ങേറിയത്.

See also  തൃശൂർ പൂരം അന്വേഷണമില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ , മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

Related News

Related News

Leave a Comment