ചത്തീസ്ഗഡും കേരളവും പരിഗണനയില്‍
പി.ബാലചന്ദ്രന്‍
തൃശൂര്‍ : കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലെത്തിയ പത്മജ വേണുഗോപാല്‍ ഗവര്‍ണര്‍ പദവിയിലേക്ക്. പാര്‍ട്ടിയിലേക്ക് വരുന്നിന്റെ ഭാഗമായുളള വാഗ്ദാനങ്ങളിലുള്‍പ്പെട്ടതാണ് ഗവര്‍ണര്‍ പദവി. തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ സീറ്റായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍ പാര്‍ട്ടി മാറിയ ഉടനെ മത്സരിക്കുന്നത് തെറ്റായ പ്രചരണത്തിന് ഇടയാക്കുമെന്ന് അറിയിച്ച് പത്മജ തന്നെ അത് നിരാകരിക്കുകയായിരുന്നു. രണ്ടാമത്തെ വാഗ്ദാനത്തിനോട് പത്മജ സമ്മതം അറിയിച്ച് കഴിഞ്ഞു.
ചത്തീസ്ഗഡ് ഗവര്‍ണര്‍ എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പരിഗണനയില്‍ ഇപ്പോള്‍ കേരളം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഈ വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകും. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ചത്തീസ്ഗഡ് ഗവര്‍ണര്‍. ആന്ധ്രാപ്രദേശിന്റെ ഗവര്‍ണറായിരിക്കെ 2023 ഫെബ്രുവരിയിലാണ് ബിശ്വഭൂഷണ്‍ ചത്തീല്ഗഡ് ഗവര്‍ണറായി നിയമിതനാകുന്നത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തെ മാറ്റുമെന്ന് സൂചനയുണ്ട്. ഇതല്ലെങ്കില്‍ പാര്‍ട്ടി ദേശീയ നേതൃപദവിയാണ് പത്മജക്കായി ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പത്മജ ബിജെപിയില്‍ ചേരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് ഈ കൂറുമാറ്റം. പത്മജയുടെ ബിജെപി പ്രവേശനം ഒറ്റരാത്രി കൊണ്ടു നടന്ന അത്ഭുതമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. ബിജെപി കേന്ദ്രനേതൃത്വവുമായി ഏറെ മുമ്പ് തന്നെ പത്മജ നിരന്തരം ചര്‍ച്ചകള്‍ നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിലായിരിക്കെ മുകുന്ദപുരം ലോകസഭാ മണ്ഡലത്തിലും തൃശൂരില്‍ രണ്ട് തവണയും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇനിയും മത്സരിച്ചാലും വിജയിക്കുക പ്രയാസകരമാണ്. ഈ തിരിച്ചറിവ് കൂടിയാണ് ഗവര്‍ണര്‍ സ്ഥാനമോഹത്തിന് പിന്നില്‍.
പാര്‍ട്ടി മാറ്റത്തിന് പിന്നാലെ തൃശൂരില്‍ നിന്നുളള അമ്പതോളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പത്മജ ബിജെപിയിലെത്തിച്ചിരുന്നു. വിശ്വസ്തരായ ചിലര്‍ക്ക് പാര്‍ട്ടി പദവിയും നിയമനവും പത്മജ ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 4ന് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുക.