തൈരും യോഗർട്ടും ഒന്നാണോ? പലർക്കുമുള്ള സംശയമാണിത്. തൈരിന് ഇത്തിരി ‘ഗമ’ കൂട്ടിക്കൊടുത്താൽ യോഗർട്ടാകുമെന്ന് കരുതുന്നവരും കുറവല്ല. തൈര് കട്ടി കൂട്ടിയാൽ യോഗർട്ടാണെന്നാണ് മറ്റ് ചിലർ വിശ്വസിക്കുന്നത്. വിദേശരാജ്യങ്ങളിൽ തൈരിനെ പറയുന്ന പേരാണ് യോഗർട്ട് എന്നും ചിലർ കരുതുന്നു. എന്നാൽ തൈരും യോഗർട്ടും ഒരുസാധനമല്ലെന്നും ഇത് രണ്ട് ഐറ്റമാണെന്നും അറിയുന്നവരുമുണ്ട്. പക്ഷെ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന് പലർക്കും അറിയില്ല..
Curd അഥവാ തൈരും, യോഗർട്ടും ഡയറി പ്രൊഡക്ടുകളാണെന്നതാണ് ഇവ തമ്മിലുള്ള പ്രധാന സാമ്യം. രണ്ടും പാലിൽ നിന്നാണ് ഉണ്ടാകുന്നത്. ഒറ്റയടിക്ക് കണ്ടാൽ രണ്ടും ഒന്നാണെന്ന് തോന്നാം. എന്നാൽ ഇവ രണ്ടും രുചിയിലും തയ്യാറാക്കുന്നതിലും എല്ലാം വ്യത്യസ്തമാണ്.
Curd അഥവാ തൈര് ഒട്ടുമിക്ക എല്ലാ ഇന്ത്യക്കാരുടെ വീട്ടിലും ഉണ്ടാകാറുണ്ട്. പഴയ തൈര് ഉപയോഗിച്ചോ, പാലിൽ നാരങ്ങാ നീര് ചേർത്തോ തൈര് ഉണ്ടാക്കാം. എന്നാൽ യോഗർട്ട് ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയില്ല. കൃത്രിമ ആസിഡുകൾ ഉപയോഗിച്ചാണ് യോഗർട്ട് ഉണ്ടാക്കുക. വാണിജ്യാടിസ്ഥാനത്തിലാണ് ഇവ പൊതുവെ നിർമ്മിക്കുക. യോഗർട്ടിന്റെ ശരിയായ രുചിയും ടെക്‌സ്ച്ചറും ലഭിക്കണമെങ്കിൽ കൃത്യമായ താപനിലയിൽ അവ തയ്യാറാക്കുകയും വേണം. തൈരിലും യോഗർട്ടിലും പ്രോബയോട്ടിക് ബാക്ടീരിയയാണ് അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും അവയുടെ അളവിൽ അൽപം മുൻപന്തിയിൽ നിൽക്കുന്നത് യോഗർട്ടാണ്.