കെ. ആര്‍. അജിത
കാലവര്‍ഷത്തിന്റെ കെടുതികളിലേക്ക് നമ്മള്‍ അടുക്കുകയാണ്. മഴ ഭൂമിയില്‍ പതിക്കുന്നതോടെ പലവിധ സാംക്രമിക രോഗങ്ങള്‍ പടരുന്ന കാലവുമാണ്. സാംക്രമിക രോഗങ്ങള്‍ പടരുന്നത് പക്ഷി മൃഗാദികളില്‍ നിന്ന് മാത്രമാണെന്ന ഒരു പൊതു ധാരണ നമുക്കുണ്ട്. എന്നാല്‍ അലങ്കാര ചെടികളും പൂന്തോട്ടത്തിലെ പൂക്കളും വില്ലനായി മാറുന്ന കാഴ്ചയും നമ്മള്‍ നേരിട്ട് കഴിഞ്ഞു. അടുത്തിടെയാണ് അരളിപ്പൂ അബദ്ധത്തില്‍ കഴിച്ച യുവതി മരിച്ച സംഭവം ഉണ്ടായത്. അതിനെ തുടര്‍ന്ന് ക്ഷേത്ര പൂജാദികളില്‍ നിന്നും മനോഹരമായ അരളിപ്പൂവിനെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി.
ആദ്യകാലത്ത് നമ്മള്‍ പൂന്തോട്ടം ഒരുക്കുന്നത് വീടിന് മുറ്റത്താണ്. ഇന്നത് വീട്ടകങ്ങളിലേക്ക് വഴിമാറി. ഓഫീസുകളിലും ആശുപത്രികളിലും ഹോട്ടലുകളിലും ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെച്ച് മോടി കൂട്ടുന്ന ഒരു സംസ്‌കാരത്തിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. ഹരിതാഭ നിറഞ്ഞ മുറികളും ഓഫീസും അഴകേറുമ്പോഴും അതിനു പിന്നില്‍ അപകടം പതിയിരിക്കുന്നത് നമ്മുടെ ശ്രദ്ധയില്‍ വരുന്നില്ല. കൊതുകജന്യമായ രോഗങ്ങള്‍ വരുത്തുന്ന ക്യുലെക്‌സ് കൊതുകുകള്‍ ചെടികളിലാണ് കൂടുതലും ജീവിച്ചു വരുന്നത്. വീടിനുള്ളിലെ കുഞ്ഞു പ്ലാസ്റ്റിക് പാത്രങ്ങളിലും മണ്‍പാത്രങ്ങളിലും ചെടികള്‍ വയ്ക്കുമ്പോള്‍ കൊതുജന്യ രോഗങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അടുത്തകാലത്ത് വീടിനുള്ളിലെ അലങ്കാര ചെടിയില്‍ നിന്നും ഡെങ്കിപ്പനി വന്ന സംഭവവും നമുക്കുണ്ടായ അനുഭവങ്ങളില്‍ ഒന്നാണ്.
അലങ്കാര ചെടികല്‍ ഇന്‍ഡോര്‍ പ്ലാന്റുകളായി വീട്ടകങ്ങളില്‍ എത്തുന്നത് ചില ചെടികള്‍ക്ക് മനുഷ്യര്‍ ബോധപൂര്‍വ്വം നല്‍കിയ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന കഴിവ് ഉണ്ടെന്ന തോന്നലിലാണ്. മണി പ്ലാന്റ് വീടിനുള്ളില്‍ വെച്ചാല്‍ പണം വന്ന് കുമിഞ്ഞു കൂടും എന്നുള്ള ഒരു അബദ്ധമായ ധാരണ മലയാളിക്ക് ഉണ്ട്. സ്‌പൈഡര്‍ പ്ലാന്റ്, സ്‌നേക്ക് പ്ലാന്റ് .. സ്‌നേക്ക് പ്ലാന്റ് വിഷം ശരീരത്തില്‍ ഏല്‍പ്പിക്കുന്നതിനെ ചെടിയാണ്. പീസ് ലില്ലി. സമാധാനം തരുന്ന ചെടിയായിട്ടാണ് അലങ്കാര ചെടിയായി വീടിനുള്ളില്‍ വളര്‍ത്തുന്നത്.
അമേരിക്കയില്‍ ജന്മദേശം ആയിട്ടുള്ള കാലാത്തിയ ചെടിയെ പ്രയര്‍ പ്ലാന്റ് എന്നുകൂടി ഒരു പേരുണ്ട്. കാലാത്തിയയുടെ ഇലകള്‍ മുകളിലേക്ക് വന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന രീതിയിലാണ് ഈ ചെടിയുടെ ഇലകള്‍ നില്‍ക്കുന്നത്. ഇതും വീടുകളിലും ഓഫീസുകളിലും പോസിറ്റീവ് എനര്‍ജി നല്‍കുന്നു എന്ന് കരുതിയിട്ടാണ് ഇന്‍ഡോര്‍ പ്ലാന്റ്ആയി നമ്മള്‍ വീടിനുള്ളില്‍ വളര്‍ത്തുന്നത്.
ചൈന ജ്യോതിഷപ്രകാരം ലക്കി ബാംബു (ഭാഗ്യ മുള) വീടിനുള്ളില്‍ കിഴക്കുഭാഗത്ത് വയ്ക്കുന്നത് അത്യുത്തമം ആണെന്നും ഭാഗ്യം കൊണ്ടു വരുന്ന ഒന്നാണെന്നുമാണ് പൊതുവേയുള്ള ധാരണ.
ചെടികളുടെയും പൂക്കളുടെയും ചാരുത നമ്മള്‍ ആസ്വദിക്കുമെങ്കിലും വീടിനുള്ളില്‍ വളര്‍ത്തി ജീവന് ഭീഷണിയായി മാറുമ്പോള്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ചെടികള്‍ പരിപാലിക്കുമ്പോള്‍ മനുഷ്യരിലേക്ക് പകരുന്ന വൈറസുകള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നമ്മള്‍ വേണ്ടവിധം ചെയ്തിരിക്കണം. സംക്രമിക രോഗ സാധ്യത മുന്നില്‍ കണ്ടു കൊണ്ടുള്ള ചെടി പരിപാലനമാണ് അലങ്കാര ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്.
അലങ്കാര ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ ചെടി ചട്ടിയുടെ അടിയില്‍ വയ്ക്കുന്ന ട്രേയില്‍ കൊതുക് പെരുകാന്‍ സാധ്യത ഏറെയാണെന്ന് തൃശ്ശൂര്‍ ഡിഎംഒ പറയുന്നു. വെള്ളത്തില്‍ വളരുന്ന മണി പ്ലാന്റ് പോലെയുള്ള ചെടികള്‍ മുറിക്കുള്ളില്‍ പരമാവധി വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വളര്‍ത്തുകയാണെങ്കില്‍ കൂടി നിത്യേന നിരീക്ഷിച്ച് കൊതുക് പോലെയുള്ള ജീവികളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തണമെന്നും ചെടി വെച്ചിരിക്കുന്ന പാത്രം പഞ്ഞിയോ പേപ്പറോ തെര്‍മോക്കോളോ ഉപയോഗിച്ച് കൊതുക് കടക്കാത്തവിധം അടച്ചു വയ്ക്കണമെന്നും ഡിഎംഒ അഭിപ്രായപ്പെടുന്നു.