കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വിവാദം: ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്;ഡോക്ടറെ ന്യായീകരിച്ച് KGMCTA

Written by Taniniram

Published on:

കോഴിക്കോട് : ചികിത്സാപ്പിഴവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ബിജോണ്‍ ജോണ്‍സനെതിരെ കേസെടുത്ത് പോലീസ്. മെഡിക്കല്‍ നെഗ്‌ളജന്‍സ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണവിധേയമായി ഡോക്ടറെ ഡിഎംഒ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും വകുപ്പ്തല നടപടി.

ഡോക്ടര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ ഡോക്ടറെ ന്യായീകരിച്ച്
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാല്‍ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടാറില്ല.നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാല്‍ ഇപ്പോള്‍ പ്രതൃക്ഷപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ഭാവിയില്‍ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂര്‍ണ്ണമായി വികസിച്ചു കഴിഞ്ഞാല്‍ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നല്‍കി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നു.
Tongue tie ഇല്ലാത്ത കുട്ടികളില്‍ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും അപ്പോള്‍ തന്നെ ചെയ്യുകയായിരുന്നു . നാക്കിന്റെ താഴെ പാട പോലെ കാണുന്ന (tongue tie) നാക്കിലെ കെട്ട് ആണ്. ഇതാണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകള്‍ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന മെഡിക്കല്‍ കോളേജ് ടീച്ചര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്നതാകരുത് ഇത്തരം നടപടികള്‍.ഒരു പാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിന്റെ സത്‌പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് KGMCTA ആവശ്യപ്പെട്ടു.

എന്നാല്‍ ഡോക്ടര്‍ നേരത്തെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കുട്ടികളുടെ ബന്ധുക്കളോട് മാപ്പുപറഞ്ഞിരുന്നു. ശസ്ത്രക്രിയ്ക്കായി മാതാപിതാക്കളുടെ സമ്മതവും തേടിയിരുന്നില്ല. വീഴ്ച സമ്മതിച്ച് ഡോക്ടര്‍ തയ്യാറാക്കിയ കുറിപ്പും പുറത്തുവന്നിരുന്നു. അതിനാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരികയുളളൂ..

See also  സ്കൂട്ടർ ബസിനടിയിൽപ്പെട്ട് ബി ഫാം വിദ്യാർഥിനി മരിച്ചു

Leave a Comment