പൈപ്പ് പൊട്ടി കുടിവെള്ളം മാസങ്ങളായി പാഴാകുന്നു: സർക്കാരും നാട്ടുകാരും രണ്ടു തട്ടിൽ

Written by Taniniram

Published on:

കണ്ണാറ: അറ്റ വേനലിൽ കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുന്ന അവസ്ഥയിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ. കണ്ണാറ കയറ്റത്ത് നിന്നും കണ്ണാറ കുന്നിലേയ്ക്കുള്ള റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയിട്ടുള്ളത്. ഇതോടെ ഉയർന്ന പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണെന്നും കടുത്ത വേനലിൽ ടാങ്കർ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിൽ എത്തിയെന്നും നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ പ്രദേശത്തെ റോഡും തകരാൻ തുടങ്ങി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായി നിലയിൽ കുടിവെള്ള പൈപ്പ് തകർന്നുള്ള കുടിവെള്ള ക്ഷാമവും റോഡിന്റെ തകർച്ചയും നിത്യസംഭവമായി മാറിയിട്ടും അധികൃതർ ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. ഇതിനെതിരെ സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം എന്നതാണ്ജനങ്ങളുടെ ആവശ്യം.

അതേസമയം കുടിശിക ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്‌ചയായി വാട്ടർ അതോറിറ്റി മെയിന്റനൻസ് നടത്തിപ്പുകാർ സമരത്തിലായതാണ് പൈപ്പ് നന്നാക്കുന്നതിനുള്ള പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരം ഇപ്പോഴും തുടരുകയാണ്. കുടിവെള്ള പൈപ്പുകൾ തകർന്ന് കുടിവെള്ളം റോഡിലൂടെയും കാനകളിലൂടെയും ഒഴുകുന്നത് നിത്യസംഭവമായി മാറുന്ന സാഹചര്യത്തിലാണ് മെയിൻ്റനൻസ് നടത്തിപ്പുകാർ സമരം പ്രഖ്യാപിച്ചത്.

എന്നാൽ അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി തകരാറുകൾ പരിഹരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മാത്രമല്ല നാട് ഇത്രയും വലിയ കുടിവെള്ള ക്ഷാമത്തിലൂടെ കടന്നു പോയിട്ടും വിഷയം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.

See also  മാവ് യന്ത്രത്തിൽ കൈ കുടുങ്ങി, തല കീഴായി യന്ത്രത്തിൽ വീണ് 15 കാരിക്ക് ദാരുണാന്ത്യം….

Leave a Comment