തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിക്ക് നേരിട്ടാല്‍ സിപിഎം മാധ്യമങ്ങള്‍ക്ക് എതിരെ പുതിയ നയം സ്വീകരിച്ചേക്കും. സൈബര്‍ സഖാക്കളെ നിയന്ത്രിക്കും. മാധ്യമപ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയില്‍ അപമാനിക്കുന്ന ‘മാപ്ര’ വിളിയും തല്‍ക്കാലം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും മാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുന്ന രീതിയില്‍ വരാത്തത് തിരിച്ചടിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മിക്ക ചാനലുകളിലും തത്സമയം കാണിച്ചില്ല.
മാധ്യമങ്ങളെ മെരുക്കാനുളള ആദ്യപടിയായി പിആര്‍ഡി പരസ്യക്കുടിശ്ശികയുടെ കണക്കുകള്‍ നല്‍കാന്‍ ഉത്തരവ് നല്‍കിക്കഴിഞ്ഞു. ഇലക്ട്രോണിക് പരസ്യം നല്‍കുന്നത് പി.ആര്‍.ഡി (ഡി) സെക്ഷനില്‍ നിന്നാണ്. ടെന്‍ഡര്‍ – നോണ്‍ ടെന്‍ഡര്‍ പരസ്യങ്ങള്‍ നല്‍കുന്നത് പി ആര്‍.ഡി (ജി), (ഡി) വകുപ്പുകളാണ്. എല്ലാ പരസ്യങ്ങളുടെയും കുടിശിക സമാഹരിക്കാന്‍ പി.ആര്‍.ഡി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പരസ്യക്കുടിശ്ശിക മാധ്യമങ്ങള്‍ ഉടന്‍ നല്‍കും. ഇതിനായി 100 കോടി രൂപ ഉടന്‍ അനുവദിക്കും. മുഖ്യമന്ത്രി വിദേശത്ത് നിന്ന് എത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാരിന്‍റെ മൂന്നാംവാര്‍ഷികം, ലോകകേരള സഭ എന്നിവയുടെ പരസ്യങ്ങളും നല്‍കും. മാധ്യമങ്ങളെ പിണക്കാതെ സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാകും ശ്രമം.