തിരുവനന്തപുരം: കേരള പോലീസിലെ സ്മാര്‍ട്ട് പോലീസ് ഓഫീസറും ജനകീയനുമായ ഐജി : പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം. കരിയറില്‍ തിളങ്ങി നിന്നപ്പോഴാണ് എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്‌പെന്‍ഷനിലാകുന്നത. പിന്നീട് വിശദീകരണം നല്‍കുകയും സര്‍വ്വീസില്‍ മടങ്ങിയെത്തുകയും ചെയ്തു. ട്രെയിനിങ് വിഭാഗം ഐ.ജിയായിരുന്ന വിജയനെ എ.ഡി.ജി.പിയായി തൃശ്ശൂര്‍ കെപ്പയില്‍ ഡയറക്ടറായി നിയമിച്ചു .ചീഫ് സെക്രട്ടറിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐ.ജി പി. വിജയനെ മെയ് 18നാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചായിരുന്നു സര്‍ക്കാരിന് പി വിജയന്‍ വിശദീകരണം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയം പുനഃപരിശോധിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു.