നാമക്കൽ (Namakkal) : നാമക്കൽ കൊസവംപട്ടി സ്വദേശി ഭഗവതിയാണ് മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഫ്രൈഡ് റൈസിൽ വിഷം ചേർത്താണ് മാതാവ് നദിയയെയും മുത്തച്ഛൻ ഷൺമുഖനാഥനെയും ഭഗവതി കൊലപ്പെടുത്തിയത്. (mother and grandfather murdered by 20 year old )
പെൺസൗഹൃദങ്ങളെ മാതാവും മുത്തച്ഛനും ചോദ്യം ചെയ്തതാണ് ഭഗവതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. എൻജിനീയറിങ് വിദ്യാർത്ഥിയായ ഭഗവതിയ്ക്ക് കോളജിലും വീടിന് സമീപത്തുമെല്ലാം സ്ത്രീ സൗഹൃദങ്ങളുണ്ട്. ഇതിനെ ചൊല്ലി വീട്ടിൽ വഴക്കും പതിവായിരുന്നു. സമീപത്തെ ഇ സേവ കേന്ദ്രത്തിൽ താൽകാലിക ജോലി നോക്കിയിരുന്ന ഭഗവതി, 30നാണ് വീട്ടിലെ എല്ലാവർക്കും ഫ്രൈഡ് റൈസ് വാങ്ങിയത്. എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എന്നാൽ ആദ്യം ഭക്ഷണം കഴിച്ച മാതാവ് നദിയയും മുത്തച്ഛൻ ഷൺമുഖനാഥനും ശാരീരിക പ്രശ്‌നങ്ങളുണ്ടായതോടെ, മറ്റുള്ളവർ ഭക്ഷണം കഴിച്ചില്ല. രണ്ടു പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ്ക്കുകയും ചെയ്തു.
പൊലിസും ആരോഗ്യവകുപ്പും ഭക്ഷണം വാങ്ങിയ ഹോട്ടലിൽ പരിശോധന നടത്തി. നൂറു പേരിലധികം അന്ന് ഭക്ഷണം കഴിച്ചുവെന്നും അതിൽ രണ്ട് പേർക്ക് മാത്രമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നും വ്യക്തമായി. ഇതോടെയാണ് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയിൽ വിഷാംശം കണ്ടെത്തി. പിന്നീടാണ് ഭഗവതിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പൊലിസ് ചോദ്യം ചെയ്യലിൽ ഭഗവതി കുറ്റം സമ്മതിച്ചു. പ്രതിയെ റിമാൻഡു ചെയ്തു.