കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദര്‍ സിങ് അംഗത്വം സ്വീകരിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജേന്ദര്‍ മത്സരിച്ചിരുന്നു.
ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ഇത്തവണ വിജേന്ദ്രര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. മഥുരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് വിജേന്ദ്രര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷതമായി ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.