സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇതില്‍ തൃശൂരും പാലക്കാടും ഒഴികെയുള്ളിടത്ത് നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യത. ഏപ്രില്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കാം.
അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 31-03-2024 ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം ‘കള്ളക്കടല്‍’/swell surge ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം(INCOIS) സ്ഥിരീകരിച്ചു. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 2024 മാര്‍ച്ച് 23-ന് ഇന്ത്യന്‍ തീരത്ത് നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുകയും, മാര്‍ച്ച് 25 ഓടെ ഈ ന്യുനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (11 മീ) വളരെ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കുകയും ആ തിരമാലകള്‍ പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് എത്തുകയും ചെയ്തു. ഇതാണ് കള്ളക്കടലിന് കാരണമായതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളതീരത്തും ലക്ഷദ്വീപിലും 2024 മാര്‍ച്ച് 31-ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സ്വെല്‍ സര്‍ജ് അലേര്‍ട്ട് 2024 ഏപ്രില്‍ 02 വരെ തുടരാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.