പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം രൂക്ഷമാകും

Written by Web Desk1

Published on:

രാജ്യത്ത് ഏറെ വിവാദമുയർത്തിയ പൗരത്വ നിയമ ഭേദഗതി (സി എ എ) പാൽമെൻറ് ബില് പാസ്സാക്കി നാലു വർഷത്തിന് ശേഷം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്നതോടെയാണ് സി എ എ നടാപ്പാകുന്നത് . ബിൽ കൊണ്ടുവരുമ്പോൾ തന്നെ വലിയ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷ കക്ഷികൾ ഇപ്പോഴും സർക്കാരിനെതിരെ രംഗത്തുണ്ട്. നിയമത്തിനെതിരെ മുൻപ് വലിയ തോതിലുള്ള പ്രക്ഷോഭവും ഉണ്ടായതാണ്..മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നതാണ് ഈ നിയമം എന്നാണ്. എതിർക്കുന്നവരുടെ ആക്ഷേപം. എന്നാൽ മുസ്ലീങ്ങൾക്കിടയിൽ ഇതേക്കുറിച്ച് ആശങ്കയുണ്ടാകുന്നത് പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നാണ് കേന്ദ്ര സർക്കാരും ബിജെപിയും പറയുന്നത്. രാജ്യത്തെ ഒരു ജനവിഭാഗങ്ങളെയും ബാധിക്കുന്നതല്ല ഈ നിയമമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നല്കുന്നതിനുള്ളതാണ് ചട്ടങ്ങൾ. 2019 ഡിസംബറിലാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്ന വിവാദ വിഷയവുമായി കേന്ദ്ര സർക്കാർ പാർലമെന്റിലെത്തിയത്. പാര്ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനു 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. അതിനുള്ള ചട്ടങ്ങളാണിപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. നിയമത്തിനെതിരെ അന്ന് രാജ്യ വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾ ഇപ്പോൾ വീണ്ടും ശക്തമായിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴത്തെ വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്ന സന്ദേശത്തിലാണ് ആശങ്ക. ഇത്തരത്തിൽ പൗരത്വ വ്യവസ്ഥകളുണ്ടാക്കുമെന്നത് 2019 ൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമല്ല പൗരത്വ ഭേദഗതി നിയമമെന്നാണ് സുപ്രീം കോടതിയിലുൾപ്പെടെ കേന്ദ്ര സർക്കാർ വിധിച്ചത്. പൗരത്വം നൽകുന്നതിനുള്ളതാണ്, എടുത്തു കളയാനുള്ളതല്ല പുതിയ വ്യവസ്ഥകളും ചട്ടങ്ങളുമെന്നും മൂന്നു രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നല്കുന്നുവെന്നതാണ് നിയമത്തിനെതിരെ ഉയരുന്ന പ്രധാന വിമര്ശനം.

ഒരു മതവിഭാഗത്തോട് വിവേചനം കാണിക്കുന്നത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നതല്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്ര സർക്കാർ മതപരമായ വിവേചനം കാണിക്കുകയാണ് എന്നാണ് അവരുടെ പരാതി. തെരഞ്ഞെടുപ്പുകാലത്ത് രാജ്യത്തു വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഭരണകക്ഷിയുടെ ശ്രമമെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വിഷയം പരമോന്നത കോടതിയുടെ പരിഗണനയിലും ജനങ്ങളുടെ അന്തിമവിധിയിലും ഇരിക്കുമ്പോൾ ഉചിതമായതുതന്നെ അന്തിമമായി നടപ്പാവുമെന്നു നമുക്ക് വിശ്വസിക്കാം

Leave a Comment