തൃശ്ശൂരില്‍ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസില്‍ എസ് ഐ ക്കെതിരെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്

Written by Taniniram

Published on:

തൃശൂര്‍: ഹോട്ടല്‍ ഉടമയില്‍ നിന്ന് പാലക്കാട് സ്വദേശി പിച്ചി പോലീസ് സ്റ്റേഷനില്‍ വ്യാജ പരാതി നല്‍കി 5 ലക്ഷം രൂപ തട്ടിയ കേസില്‍ പീച്ചി മുന്‍ എസ് ഐ പി എം രതീഷിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്.

രതീഷിന് സിഐ ആയി സ്ഥാനക്കയറ്റം ലഭിച്ചതിനാല്‍ കോഴിക്കോട് വടക്കന്‍ മേഖല ഐജിക്ക് തൃശ്ശൂര്‍ ഡിഐജി എസ് അജിത ബേഗം തുടരന്വേഷണത്തിനായി രേഖകളും റിപ്പോര്‍ട്ടുകളും കൈമാറിയിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ ഭാഗത്ത് അതി ഗുരുതരമായ കൃത്യ വിലോപവും പെരുമാറ്റ ദൂഷ്യവും ഉണ്ടായതായും സേനയുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കിയതായും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

നേര്‍ക്കാഴ്ച സംഘടനയുടെ ഭാരവാഹിയായ പി ബി സതീഷിനാണ് ഐജി പരാതിയില്‍മേല്‍ എടുത്ത നടപടികളുടെ റിപ്പോര്‍ട്ട് വിവരാവകാശരേഖയായി ലഭിച്ചത്.

24.05.2023 ന് ഹോട്ടലില്‍ എത്തിയ ദിനേശ് ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞപ്പോള്‍ ഹോട്ടല്‍ ഉടമയുടെ മകനും മറ്റു ജീവനക്കാരും ബിരിയാണി വായില്‍ കുത്തി നിറച്ച് ദിനേശിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന വ്യാജ പരാതി അന്നേദിവസം തന്നെ പീച്ചി സ്റ്റേഷനില്‍ നല്‍കിയിരുന്നു.

എന്നാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ എസ്.ഐ. രതീഷ് മൂന്ന് ഹോട്ടല്‍ ജീവനക്കാരെയും ഹോട്ടലുകളുടെ മകനെയും രണ്ടുമണിക്കൂര്‍ ലോക്കപ്പില്‍ ഇട്ടതും രണ്ടു ജീവനക്കാരുടെ മുഖത്തടിച്ചതും ജാമ്യമില്ലാ വകുപ്പ് അവര്‍ക്കെതിരെ എടുക്കും എന്ന നിലപാട് സ്വീകരിച്ചതും പണം അപഹരിക്കാന്‍ സഹായകരമായി എന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍.

ദിനേശിന് 5 ലക്ഷം രൂപ ഹോട്ടലുടമ സംഭവദിവസം തന്നെ കൈമാറിയ ശേഷം അയാള്‍ പരാതി പിന്‍വലിക്കുകയായിരുന്നു. ദിനേശിന് ഉടന്‍ തന്നെ കാറില്‍ രക്ഷപ്പെടാനുള്ള സഹായം എസ് ഐ ഒരുക്കി എന്നും ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ പറയുന്നു.

പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപിയെ ഐജി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ചുമതലപ്പെടുത്തിയിരുന്നു എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.തുടര്‍ന്നുള്ള അന്വേഷണത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്ന് ലാലീസ് ഉടമ കെ.പി. ഔസേപ്പ് പറഞ്ഞു.

പീച്ചി സ്റ്റേഷനില്‍ പരാതിക്ക് ആസ്പദമായ ദിവസത്തെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ല എന്ന വിചിത്ര നിലപാടാണ് സ്റ്റേഷന്‍ അധികൃതര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍ തൃശ്ശൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകള്‍ ഇല്ല എന്ന വിവരാവകാശ രേഖ തങ്ങള്‍ക്ക് ലഭിച്ചത് പോലീസിനെ വെട്ടിലാക്കി എന്നും അദ്ദേഹം പറയുന്നു.പണം തട്ടിയ ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചിരുന്നു.

തന്റെ കയ്യില്‍ നിന്ന് 5 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുവാന്‍ എസ് ഐ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു എന്നും അതിനാല്‍ എസ്‌ഐയെയും പ്രതിചേര്‍ക്കണം എന്നാണ് ഹോട്ടല്‍ ഉടമയുടെ ആവശ്യം.

Leave a Comment