ലോക്‌സഭാതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഷമ മുഹമ്മദിനെ (Shama Mohammed) ആക്ഷേപിക്കുന്ന തരത്തിലുളള പ്രസ്താവനയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഇന്നലെ നടത്തിയത്. ഇതിനെതിരെ ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഷമ മുഹമ്മദ്. എഐസിസി വക്താവ് എന്നുളള തന്റെ ഐഡി ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലുള്ള വക്താക്കളുടെ പട്ടികയില്‍ തന്റെ ചിത്രം സഹിതമുള്ള വിവരമാണ് ഷമ പങ്കുവച്ചത്.
. ‘രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ. പാര്‍ട്ടി പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. തോല്‍ക്കുന്ന സീറ്റാണ് എപ്പോഴും സ്ത്രീകള്‍ക്ക് നല്‍കുന്നത്. വടകരയില്‍ എന്നെ പരിഗണിക്കാമായിരുന്നു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫിയെ കൊണ്ടുവന്നാല്‍ പാലക്കാട് പരിക്ക് പറ്റും. – ഇതായിരുന്നു ഷമയുടെ വാക്കുകള്‍.
ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന ഷമയെ അറിയില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയിലടക്കം വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.