അച്ഛൻ മകളെ പീഡിപ്പിച്ചുവെന്ന് വ്യാജപരാതി നല്‍കിയ അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ്

Written by Web Desk1

Published on:

ചെന്നൈ: അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ചൂണ്ടിക്കാട്ടി വ്യാജപരാതി നൽകിയ അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. ചെന്നെയിലെ പോക്‌സോ കോടതി വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ഉണ്ടാക്കിയതിലുമായി അഞ്ചുവര്‍ഷത്തെ തടവാണ് അമ്മയ്ക്ക് വിധിച്ചിരിക്കുന്നത്. തടവ് കൂടാതെ ആറായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ആറുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് അമ്മ തന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇവര്‍ തെളിവിനായി ലാബ് റിപ്പോര്‍ട്ടുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച കുട്ടിയുടെ അച്ഛന്‍ പിന്നീട് കേസ് റദ്ദാക്കാനും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് പരാതികാരി സമര്‍പ്പിച്ച ലാബ് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ഡോക്ടറുടെ റിപ്പോര്‍ട്ടും ഇവര്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി.തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി.

കുട്ടി അമ്മയ്‌ക്കെതിരേയാണ് മൊഴി നല്‍കിയത്. പരാതികാരി കോടതിയെ കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പോക്‌സോ കോടതി ഇവരെ ശിക്ഷിച്ചത്. ദമ്പതിമാരുടെ വിവാഹമോചന കേസ് നിലവില്‍ കുടുംബകോടതിയില്‍ ഉണ്ട്. ഇതിനിടെയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനെതിരെ വ്യാജപരാതി ഉന്നയിച്ച് രംഗത്തെത്തിയത്.

Related News

Related News

Leave a Comment