തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിഷയത്തില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ തള്ളി വി.കെ പ്രശാന്ത് എം.എല്‍.എ. ഇലക്ട്രിക് ബസ് ലാഭത്തിലല്ല ഓടുന്നതെന്നും അത് വാങ്ങിയവര്‍ക്കും ഉണ്ടാക്കിയവര്‍ക്കും എത്രനാള്‍ പോകുമെന്ന് ഒരുറപ്പുമില്ലെന്നും അതിനാല്‍ മാറ്റുകയാണെന്നുമാണ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്.
ഇതിനെതിരെയാണ് എം.എല്‍.എ രംഗത്തെത്തിയത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടുന്നുണ്ടെന്നും ജനങ്ങള്‍ പത്തു രൂപ കൊടുത്ത് അത് ഉപയോഗിക്കുകയാണെന്നും ഇത്രയും നാള്‍ ലാഭകരമാണെന്ന കണക്കുകളാണ് വന്നുകൊണ്ടിരുന്നതെന്നും വി.കെ പ്രശാന്ത് പറഞ്ഞു.
ഇനി ലാഭകരമല്ലെങ്കില്‍ അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും അല്ലാതെ ലാഭകരമല്ലാത്തതിനാല്‍ മാറ്റുന്നുയെന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ നയം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുക, മലിനീകരണം കുറയ്ക്കുക എന്നതാണെന്നും തിരുവനന്തപുരം നഗരത്തിലാണ് ഇത് നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.