ചിത്രക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന്‌ സൂരജ്‌ സന്തോഷ്‌

Written by Web Desk1

Published on:

ഗായിക കെ എസ്‌ ചിത്രയുടെ രാമക്ഷേത്ര വീഡിയോ വിമർശിച്ചതിന്‌ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ഗായകൻ സൂരജ്‌ സന്തോഷ്‌. രണ്ട്‌ ദിവസമായി നിർദയമായ ആക്രമണങ്ങൾക്ക്‌ വിധേയനാകുന്നുവെന്നും, എല്ലാ പരിധികളും കടന്ന്‌ ഭീഷണികൾ വരികയാണെന്നും സൂരജ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഏറ്റവും ദുഷിച്ച, അധിക്ഷേപകരമായ ഭാഷയിലാണ്‌ ചിലർ പ്രതികരിക്കുന്നത്‌. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ നൽകുന്ന ശക്തമായ പിന്തുണയാണ് തനിക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നതെന്ന് സൂരജ് ചൂണ്ടിക്കാട്ടി. നീതിക്ക് വേണ്ടി നിലകൊണ്ട ഓരോരുത്തർക്കും കുറിപ്പിലൂടെ സൂരജ് നന്ദിയറിക്കുകയും ചെയ്‌തു. തളർത്താൻ നോക്കേണ്ടെന്നും അതിന് ശ്രമിച്ചാൽ തളരാൻ തയ്യാറല്ലെന്നും സൂരജ് സന്തോഷ് വ്യക്തമാക്കി.

ചിത്രയുടെ രാമക്ഷേത്ര നിലപാടിനെ വിമർശിച്ചതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണമാണ്‌ സൂരജ്‌ നേരിടുന്നത്‌. സംഘ്‌പരിവാർ ഹാൻഡിലുകളിൽനിന്ന്‌ എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും സൂരജിനെതിരെ ആക്രമണം നടക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ സൂരജ്‌ അറിയിച്ചത്‌.

ചിത്രക്കെതിരായ വിമർശനത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും തനിക്ക് ഭരണഘടന നൽകുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രതികരണം നടത്തിയതെന്നും സൂരജ് സന്തോഷ് വ്യക്തമാക്കിയിരുന്നു. തന്റേതായ നിലപാടുകൾ വ്യക്തമാക്കാൻ കെ എസ് ചിത്രക്ക് അവകാശമുള്ളതുപോലെ ആ അവകാശത്തെ വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സൂരജ് പറഞ്ഞു.

Leave a Comment