തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി പ്രമുഖ കഥകളി നടൻ കലാമണ്ഡലം ഗോപിയെ സന്ദർശിക്കാൻ ശ്രമിച്ചു വെന്നും സന്ദർശനത്തിന് അനുവാദം നൽകാതിരുന്നപ്പോൾ പത്മഭൂഷൺ വാഗ്ദാനം ചെയ്തു എന്നുള്ള തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുരാജ്. കലാമണ്ഡലം ഗോപിയെ സന്ദർശിക്കണമെന്ന് ആവശ്യത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു സുരേഷ് ഗോപി ഈ വിവാദത്തോട് പ്രതികരിച്ചിത്. എന്നാൽ ചികിത്സയ്ക്കായി തങ്ങളുടെ കുടുംബാംഗങ്ങൾ ബന്ധപ്പെടാറുള്ള ഡോക്ടർ തൻ്റെ പിതാവിനോട് അത്തരമൊരു ആവശ്യം ഉന്നയിച്ചതും പിന്നീട് പത്മഭൂഷൻ വാഗ്ദാനം ചെയ്തതും തന്നെ വലിയ സമ്മർദ്ദത്തിൽലാക്കിയെന്നും അതുകൊണ്ടാണ് ഞായറാഴ്ച വൈകിട്ട് അത്തരമൊരു പോസ്റ്റ് ഫേസ്ബുക്കിൽ ‘രഘുരാജ് ഗുരുകൃപ’ എന്ന തന്റെ പ്രൊഫൈലിൽ വെളിപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവർത്തകനായ രഘുരാജ് ബാങ്ക് എംബ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി ) യുടെ തൃശ്ശൂർ ഏരിയ അധ്യക്ഷൻ കൂടിയാണ്. ഗോപി ആശാൻ താമസിക്കുന്ന പേരാമംഗലം ആലത്തൂർ ലോകസഭാ മണ്ഡലത്തിൻ്റെ പരിധിയിലാണ്.
താൻ ഇടതുപക്ഷ പ്രവർത്തകനായതിനാൽ ആലത്തൂർ ലോകസഭാ മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർത്ഥികൾ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ പിതാവിനെ കാണുന്നതിൽ തനിക്ക് എതിർപ്പുള്ളതായി രഘു പറഞ്ഞു. ആലത്തൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയായ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഗോപി ആശാനെ സന്ദർശിച്ചിരുന്നു. ഒരുപക്ഷേ സുരേഷ് ഗോപി തന്റെ പിതാവിനെ കാണുവാനുള്ള സാഹചര്യമൊരുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടു കാണില്ല. പ്രചാരണ ചുമതലയുള്ള മറ്റുള്ളവർ അതിനായി ശ്രമിച്ചിരിക്കാം. തന്റെ കുടുംബത്തിന്റെ ചികിത്സാ കാര്യങ്ങൾ നോക്കുന്ന ഡോക്ടർ അത്തരമൊരു ആവശ്യവുമായി മുന്നോട്ടുവന്നത് അതുകൊണ്ടായിരിക്കാം.
താൻ ആരാധിക്കുന്ന നടനായ സുരേഷ് ഗോപി തിരഞ്ഞെടുപ്പിനുശേഷം തന്റെ പിതാവിനെ കാണുന്നതിൽ സന്തോഷം മാത്രമാണുള്ളത് എന്നും ആലത്തൂരിലെ മറ്റു പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് തന്റെ വീട്ടിൽ പ്രചാരണത്തിനായി എത്തുന്നതിൽ തടസ്സമില്ല എന്നും രഘു പറഞ്ഞു. ഞായറാഴ്ച ഇട്ട പോസ്റ്റ് തിങ്കളാഴ്ച രാവിലെ ആയപ്പോൾ തന്നെ ആയിരക്കണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ഉണ്ടായി. മാധ്യമപ്രവർത്തകർ നിരന്തരം തന്റെ പിതാവിനെ ബന്ധപ്പെട്ടതും തനിക്കും തന്റെ കുടുംബത്തിനും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. അതുകൊണ്ടാണ് തിങ്കളാഴ്ച രാവിലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത്. 87 വയസ്സുള്ള പിതാവ് ആരോഗ്യപ്രശ്നങ്ങൾ മൂലം അധികം യാത്ര ചെയ്യാറില്ല. പേരാമംഗലത്തെ വീട്ടിൽ പൂർണമായും വിശ്രമത്തിലാണ് എന്നും വിവാദം അവസാനിപ്പിക്കണമെന്നും രഘു അഭ്യർത്ഥിച്ചു. പാലക്കാട് കോതച്ചിറ സ്വദേശിയായ കലാമണ്ഡലം ഗോപി കഴിഞ്ഞ 35 വർഷമായി തൃശ്ശൂർ പേരാമംഗലത്താണ് താമസിക്കുന്നത്.