വിവിധങ്ങളായ വിവാഹങ്ങളുടെ വീഡിയോ പല കാരണങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ അടുത്തിടെ ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിൽ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
സ്വന്തം വിവാഹ ചടങ്ങിൽ സ്വയം വേദമന്ത്രങ്ങൾ ഉരുവിടുന്ന, പുരോഹിതന്റെ വേഷം സ്വയം ഏറ്റെടുത്തിരിക്കുന്ന വരനെയാണ് ഈ വിവാഹത്തിൽ കാണാനാവുന്നത്. ഇത് തന്നെയാണ് വീഡിയോ വൈറലായിത്തീരാൻ കാരണമായതും. സഹരൻപൂരിലെ റാംപൂർ മണിഹരനിൽ നിന്നുള്ള വരനാണ് വിവാഹത്തിന് വേദമന്ത്രങ്ങൾ സ്വയം ഉരുവിട്ടും മറ്റ് ചടങ്ങുകൾ നടത്തിയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ അമ്പരപ്പിച്ചത്.
സാധാരണയായി പുരോഹിതന്മാർ ചെയ്യുന്ന കാര്യമാണ് യുവാവ് സ്വയം ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. വിവേക് കുമാർ എന്നാണ് വരന്റെ പേര്. വരന്റെ സംഘം വിവാഹച്ചടങ്ങുകൾക്കായി രാംപൂർ മണിഹരനിൽ നിന്നും ഹരിദ്വാറിലെത്തി. വിവാഹ ഘോഷയാത്ര എത്തിയതോടെ ചടങ്ങുകളും തുടങ്ങി. ആ സമയത്താണ് യുവാവ് സ്വയം മന്ത്രങ്ങളുരുവിട്ടത്. പിന്നീട്, സ്വയം പുരോഹിതനായി. ഇത് അവിടെ കൂടി നിന്നവരെയും വധുവിനെയും എല്ലാം അമ്പരപ്പിച്ചു.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും വധുവുമെല്ലാം അമ്പരപ്പോടെ നോക്കി നിൽക്കുമ്പോൾ വിവേക് ആത്മവിശ്വാസത്തോടെ മന്ത്രങ്ങൾ ഉരുവിടുന്നതും മറ്റ് കാര്യങ്ങൾ ചെയ്യുന്നതും കാണാം.