കോഴിക്കോട് ( Calicut ) : രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. (KPCC Vice President Shafi Parambil MP responds to allegations against Rahul Mangkootam) കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. ആരോപണത്തിന് പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചിരുന്നു.
നേതൃത്വം രാഹുലിന്റെ തീരുമാനം ശരിവെച്ചു. രാഹുലിന്റെ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ വരിനിന്ന് പ്രതികരിക്കണമെന്ന് നിർബന്ധമില്ല. രാഹുലിന്റെ വിഷയം ഉയർത്തി ഇടത് സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ മറക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഹുലിനെതിരായ ആരോപണം ഉയർത്തി പ്രതിപക്ഷത്തെ തളർത്താൻ നോക്കേണ്ട.
സർക്കാരിനെതിരെ യു.ഡി.എഫ് ശക്തമായ പോരാട്ടം നടത്തും. ബിഹാറിലെ യാത്രയുടെ ഭാഗമാവുക എന്ന കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്തമുണ്ട്. ബിഹാറിലേക്ക് മുങ്ങിയെന്ന മാധ്യമ പ്രവർത്തനത്തെ കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.