കണ്ണൂര്‍ (Kannoor) : കണ്ണൂര്‍ കുറ്റിയാട്ടൂരിൽ ഭര്‍ത്യമതിയായ യുവതിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്ന ഇരിക്കൂര്‍ പെരുവളത്ത്പറമ്പ് കുട്ടാവ് സ്വദേശി ജിജേഷിനെ (35) തിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ കാരപ്പുറത്തെ വീട്ടില്‍ ഒ വി അജീഷിന്റെ ഭാര്യ പ്രവീണയുടെ മരണത്തിലാണ് നടപടി. പ്രവീണയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ജിജേഷ് നിലവില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ കാരപ്പുറത്തെ വീട്ടില്‍ ഒ.വി അജീഷിന്റെ ഭാര്യ പ്രവീണയും (39) ജിജേഷും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ഫോണ്‍ മുഖെനെയും സോഷ്യല്‍ മീഡിയ വഴിയും അടുത്ത സൗഹൃദമുണ്ടെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം. ഇതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അജീഷിന്റെ വാടക വീട്ടിലേക്ക് കയറി വന്ന ജിജേഷ് വെള്ളം ചോദിച്ചു വീട്ടില്‍ കയറിയ ഉടനെ പ്രവീണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 50 ശതമാനം പൊള്ളലേറ്റ ജിജേഷ് കമിഴ്ന്ന് കിടന്നും അതിലേറെ പൊള്ളലേറ്റ പ്രവീണ ഇരിക്കുന്ന നിലയിലുമായിരുന്നു. സംഭവ സമയത്ത് അജീഷിന്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ നാട്ടുകാരും പിന്നാലെ പൊലിസുമെത്തിയാണ് ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പ്രവീണ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മരണമടയുന്നത്. സംഭവത്തില്‍ ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.