ഒട്ടാവ: കാനഡയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഖനന കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്. കാനഡയിലെ വടക്ക് പടിഞ്ഞാറ് പ്രദേശമായ ഫോർട്ട് സ്മിത്തിലാണ് വിമാനം തകർന്നുവീണത്.
ഖനന കമ്പനിയായ റിയോ ടിന്‍റോയുടെ ഡയവിക് ഡയമണ്ട് ഖനിയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്നു വിമാനം. 19 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം നോർത്ത് വെസ്‌റ്റേൺ എയർ ലീസിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
അപകടത്തിൽ റിയോ ടിന്റോ ചീഫ് എക്‌സിക്യൂട്ടീവ് ജേക്കബ് സ്റ്റൗഷോം ദുഃഖം രേഖപ്പെടുത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുമെന്ന് സ്റ്റൗഷോം അറിയിച്ചു.