Thursday, April 3, 2025

വാഹനങ്ങൾ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു…

Must read

- Advertisement -

ധർമപുരി: തമിഴ് നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ കാറിന് തീപിടിച്ച് നാല് പേ‌ർ മരിക്കുകയും എട്ടുപേ‌ർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂർ ഘട്ട് സെക്ഷനിലാണ് (Topur ghat section) അപകടമുണ്ടായത്. നെല്ല് കയറ്റിയ ലോറി, ട്രക്കുകൾ, കാറുകൾ എന്നിവയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (Tamil Nadu Chief Minister MK Stalin) പ്രഖ്യാപിച്ചു. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ ജെ വിമൽ കുമാർ (30), ഭാര്യ മതി അനുഷ്‌ക (22), അമ്മായി മഞ്ജു (45), ഭാര്യാസഹോദരി ജെന്നിഫർ (30) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ജെ വിനോദ് കുമാർ (32) കുടുംബത്തോടൊപ്പം സഹോദരന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ ചൊവ്വാഴ്ച ബെംഗളൂരുവിലേക്ക് പോയിരുന്നു. ഇവർ മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി തകർന്നു. വിനോദ് കുമാർ, മകൻ ജെസ്വിൻ (5), മകൾ വിജിഷ (3) എന്നിവരെ രക്ഷപ്പെടുത്തി. കാറിൽ തീ പടർന്നതിനാൽ ബാക്കിയുള്ളവരെ രക്ഷിക്കാനായില്ലെന്ന് ധർമപുരി കളക്ടർ കെ ശാന്തി പറഞ്ഞു.

നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ (CCTV footage of the accident) പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിലെ എസ് ആകൃതിയിലുള്ള വളവിൽ അതിവേഗത്തിൽ വന്ന ട്രക്ക് മറ്റൊരു ട്രക്കിൽ ഇടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടിച്ച ട്രക്കുകളിലൊന്നിൽ രാസവസ്തുക്കളായിരുന്നു. ഇതിന് തീപിടിച്ച് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. ഇതിനിടയിൽപ്പെട്ട കാറിലേക്ക് തീ പടർന്നു. കാറിലെ നാല് യാത്രക്കാരും കത്തിയമർന്നു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കാറിൽ നിന്ന് ഇവരെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തിൽ നെല്ല് കയറ്റിയ ട്രക്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതായി തമിഴ്നാട് പൊലീസ് (Tamilnadu police) പറഞ്ഞു. ‘എസ്’ വളവുകൾ കടക്കുമ്പോൾ ഫലപ്രദമായ ബ്രേക്കിംഗിനായി അവർ ബ്രേക്ക് വാക്വം വർദ്ധിപ്പിച്ചിരുന്നതായി ധർമ്മപുരി ആർടിഒ (റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ) ഡി ദാമോധരൻ (Regional Transport Officer D Damodharan) പറഞ്ഞു. എന്ത് സാങ്കേതിക തകരാറ് കാരണമാണ് ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടത് എന്നറിയാൻ വിപുലമായ അന്വേഷണം വേണമെന്നും ആർടിഒ അഭിപ്രായപ്പെട്ടു.

ലോറി ഡ്രൈവർ ശ്രീധർ, കെമിക്കൽ നിറച്ച ട്രക്ക് ഡ്രൈവർ തൃശൂർ സ്വദേശി അനീഷ് ജോർജ് (35), കണ്ടെയ്‌നർ ട്രക്ക് ഡ്രൈവർ സേലം ജില്ലയിലെ എടപ്പാടി സ്വദേശി എസ് ശ്രീകാന്ത് (49), തിരുപ്പൂർ ജില്ലയിലെ ക്ലീനർ എം ശശികുമാർ (45) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുമണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  തമിഴ്നാട്ടിൽ സാമ്പാറിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ അച്ഛനും മകനും അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article