റാഞ്ചി: പ്രായമായ അമ്മായിയമ്മയെയും അവരുടെ അമ്മയെയും സേവിക്കാൻ ഇന്ത്യൻ സ്‌ത്രീകൾ ബാദ്ധ്യസ്തരാണെന്ന് ഹൈക്കോടതി (Highcourt ). ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനുസ്‌മൃതിയെ ഉദ്ദരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതി (High Court of Jharkhand) യുടേതാണ് നിരീക്ഷണം. കുടുംബകോടതിയുടെ ഉത്തരവിനെതിരെ ജാർഖണ്ഡ് സ്വദേശി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രുദ്ര നാരായൺ റായ് (Rudra Narayan Rai) എന്നയാൾ ഭാര്യ പിയാലി രാജ് ചാറ്റർജി (Piyali Raj Chatterjee) ക്ക് ജീവനാംശമായി മാസം 30,000 രൂപ നൽകണമെന്നും മകന് 15,000 രൂപ നൽകണമെന്നുമുള്ള കുടുംബകോടതി (Family Court )യുടെ ഉത്തരവിനെതിരായിരുന്നു ഹർജി. ഭർത്താവിന്റെ മാതാപിതാക്കളെ വിട്ട് മാറി താമസിക്കണമെന്നുള്ള യുവതിയുടെ നിർബന്ധം ന്യായമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുബാഷ് ചന്ദ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം.
കോടതി നിരീക്ഷണമിങ്ങനെ:
പ്രായമായ അമ്മായിമ്മയെയും അവരുടെ അമ്മയെയും മരുമകൾ പരിചരിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തി (Indian Culture) ന്റെ ഭാഗമാണ്. ഇന്ത്യൻ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണത്. കുടുംബത്തിലെ സ്‌ത്രീകൾ ദയനീയരാണെങ്കിൽ കുടുംബം പെട്ടെന്ന് നശിക്കും, എന്നാൽ തൃപ്‌തരാകുന്നിടത്ത് അഭിവൃദ്ധി പ്രാപിക്കും (മനുസ്‌മൃതി ഉദ്ദരിച്ചുകൊണ്ട് പറഞ്ഞത്).
സ്ത്രീയെക്കാൾ ശ്രേഷ്ഠമായ ഒരു രത്നത്തെ ബ്രഹ്മാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീയുടെ രൂപത്തിലുള്ള രത്നം ഒരു മനുഷ്യന്റെ നല്ല പ്രവൃത്തികളുടെ ഫലമായാണ് ഉണ്ടാകുന്നത്. അത്തരമൊരു രത്നത്തിൽ നിന്നാണ് പുരുഷന് കുഞ്ഞുങ്ങളെയും സന്തോഷവും ലഭിക്കുന്നത്. ഒരു കുടുംബത്തിലെ ഐശ്വര്യത്തിന്റെ ദേവതയാണ് സ്ത്രീ. എല്ലാ ബഹുമാനത്തോടെയുമാണ് അവരെ പരിചരിക്കേണ്ടത്. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടതുണ്ട്.ഭാര്യ തന്റെ സാഹചര്യം അനുസരിച്ച് പ്രായമായ അമ്മായിയമ്മയെയും അവരുടെ മാതാവിനെയും സേവിക്കണമെന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ഇന്ത്യൻ പൗരന്റെ മൗലിക കർത്തവ്യങ്ങൾ വിവരിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 51-Aയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
നമ്മുടെ സംയുക്ത സംസ്‌കാരത്തിന്റെ പൈതൃകത്തെ വിലമതിക്കാനും സംരക്ഷിക്കാനും ഇത് ആവശ്യമാണെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. അമ്മായിയമ്മയിൽ നിന്നും വേറിട്ട് ജീവിക്കാൻ യുക്തിരഹിതമായ കാരണങ്ങളാൽ നിർബന്ധിക്കാൻ പാടില്ല.ഭർത്താവ് മോശമായി പെരുമാറിയെന്നും സ്‌ത്രീധനം ആവശ്യപ്പെട്ടുവെന്നും ഭർതൃഗൃഹത്തിൽ പീഡനങ്ങൾ ഏൽക്കേണ്ടിവന്നെന്നും അതിനാലാണ് സ്വന്തം വീട്ടിലേയ്ക്ക് പോയതെന്നുമായിരുന്നു
യുവതി കുടുംബകോടതിയിൽ നൽകിയ ഹർജി (Harji) യിൽ പറഞ്ഞിരുന്നത്. തുടർന്നാണ് ദുംക (Dhumka) യിലെ കുടുംബകോടതി ഭാര്യയ്ക്കും മകനും ജീവനാംശം നൽകണമെന്ന് ഉത്തരവിട്ടത്.എന്നാൽ ഭാര്യ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിലേയ്ക്ക് പോയതെന്നും പ്രായമായ മാതാപിതാക്കളെ വിട്ട് മാറിതാമസിക്കാൻ നിരന്തരം നിർബന്ധിച്ചുവെന്നുമാണ് രുദ്ര നാരായൺ റായ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയത്. ജീവനാംശം നൽകാൻ മതിയായ കാരണങ്ങളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ന്യായമായ കാരണങ്ങളൊന്നുമില്ലാതെ ഭാര്യ ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിക്കുന്നത് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണെന്ന് കോടതി പറഞ്ഞു.