റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയെ വധിക്കും: ഭീഷണി സന്ദേശവുമായി ഗുർപത്വന്ത് സിങ് പന്നുൻ

Written by Web Desk1

Published on:

ചണ്ഡിഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും ഡിജിപി ഗൗരവ് യാദവിനും എതിരെ വധഭീഷണിയുമായി നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിങ് പന്നുൻ. റിപ്പബ്ലിക് ദിനത്തിൽ ഭഗവന്ത് സിങ് മാനെയും ഡിജിപിയെയും ആക്രമിക്കാനാണു പന്നുൻ കൂട്ടാളികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനുമുൻപും പന്നുൻ നിരവധി ഭീഷണി സന്ദേശങ്ങൾ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്നു ഭീഷണിമുഴക്കിയിരുന്നു.

അതിനുമുൻപ് എയർ ഇന്ത്യയുടെ വിമാനം ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ‘‘നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന‌ു ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ ഉപരോധം ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്താൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും.’’– ഇതായിരുന്നു പന്നുൻ വിഡിയോയിൽ പറഞ്ഞത്. സിഖസ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനാണ് പന്നുൻ. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുൻ നിർത്തി അമേരിക്ക, കാനഡ, ബ്രിട്ടൺ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതില്‍ മുൻപന്തിയിലുള്ള ആളാണ് പന്നുൻ.

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നുൻ. 2022 ഒക്ടോബറിൽ പന്നുനിനെതിരെ റെഡ്കോർണർ നോട്ടിസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിച്ചു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയതിനും പന്നുനിനെതിരെ കേസുണ്ട്.

Related News

Related News

Leave a Comment