സസ്‌പെന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കളക്ടര്‍ ബ്രോ എന്‍.പ്രശാന്ത് ഐഎഎസ്. ‘ഇന്ന് ആ തീരുമാനം എടുക്കുന്നു’ എന്ന് ഫേസ്ബുക്കില്‍ എഴുതി റോസാപ്പൂക്കള്‍ വിതറിയ ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഏപ്രില്‍ ഒന്നായതിനാല്‍ പലരും അത് വിശ്വസിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്താചാനലുകള്‍ പ്രശാന്ത് ഐഎസ് രാജിക്ക് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളുമായും രംഗത്തുവരുന്നത്. കടുത്ത തീരുമാനം എടുക്കരുതെന്ന് പറഞ്ഞ് നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
ഐഎഎസ് ചേരിപ്പോരില്‍ സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന വിധത്തില്‍ വാര്‍ത്ത മലയാള മനോരമയില്‍ രണ്ട് ദിവസം മുമ്പ് വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറിയതായാണ് വാര്‍ത്ത.
ഈ വാര്‍ത്തയില്‍ കുറ്റാരോപണ മെമ്മോയ്ക്കു കൃത്യമായി മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുന്നയിച്ചു തുടര്‍ച്ചയായി കത്തുകളയയ്ക്കുകയാണു പ്രശാന്ത് ചെയ്തതെന്നായിരുന്നു ചീണ്ടിക്കാട്ടിയത്. എന്നാല്‍, അങ്ങയെല്ലെന്നാണ് പ്രശാന്തമായി അടുത്ത വൃത്തങ്ങള്‍ നല്കിയ വിവരം. തന്റെ മറുപടി പ്രശാന്ത് കൃത്യമായി തന്നെ നല്‍കിയിരുന്നു. അതേസമയം പുതിയ പശ്ചാത്തലത്തില്‍ പ്രശാന്തിനെതിരെ അന്വേഷണം ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്.
സസ്‌പെന്‍ഡ് ചെയ്യുകയും മെമ്മോ നല്‍കുകയും ചെയ്ത ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു സസ്‌പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്‌പെന്‍ഷനിലായ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്.