നമ്മുടെ കുട്ടികളുടെ ആദ്യ വിദ്യാലയം ഏതാണ്? ആരാണ് യഥാർത്ഥ ഗുരു? ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയുടെ ക്രമീകരണമാണ് വീട്. ആ വീട്ടിൽ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, അതായത് അനുഭവങ്ങളിലൂടെ ജീവിതം എന്ന കല പഠിപ്പിക്കുമ്പോഴാണ് മാതാപിതാക്കൾ യഥാർത്ഥ ഗുരുക്കന്മാരാകുന്നത്. അത്തരത്തിലുള്ള അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികൾ വീട്ടിലും സമൂഹത്തിലും എങ്ങനെ പെരുമാറണമെന്ന് പഠിക്കുന്നു. വളരുന്ന പ്രായത്തിൽ മാതാപിതാക്കൾ നൽകുന്ന ആ വിശ്വാസങ്ങളാണ് കുട്ടികളുടെ വളർച്ചയെ ശാക്തീകരിക്കുന്നത്. അവിടെയാണ് മാതാപിതാക്കൾ യഥാർത്ഥ ഗുരുക്കൻമാരാക്കുന്നത്
കുറച്ചു ദിവസങ്ങൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ആണ് ഇത്തരത്തിലുള്ള ഒരു ചിന്തയ്ക്ക് പ്രേരകമായത്. അദ്ധ്യാപികയായ മകൾ തന്റെ മക്കളുടെ മുന്നിൽ വെച്ച് അമ്മയെ മർദ്ദിക്കുന്നതാണ് വീഡിയോയിലെ രംഗം. വീഡിയോയിൽ കുഞ്ഞുമക്കളെ കൂടി മുത്തശ്ശിയെ ഉപദ്രവിക്കാൻ നിർബന്ധിക്കുന്നതായും കാണാം. വാർദ്ധക്യമെന്നത് ദുർബലതയും നിസ്സഹായതയും മാത്രമാണെന്നാണ് ആ ക്രൂര മർദ്ദനത്തിന്റെ ചിത്രം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്.
മനസ്സിൽ വായിച്ച് പതിഞ്ഞ ഗൗതമബുദ്ധന്റെ വളരെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരു മഞ്ഞുതുള്ളി മലമുകളിൽ നിന്ന് ഒഴുകി തുടങ്ങി അരുവിയായി പുഴയായി കടലിന്റെ ആഴങ്ങളിൽ അലയടിച്ചുയരുന്നതാണ് കഥ. നമുക്ക് മുന്നിൽ ജന്മമെടുക്കുന്ന കുട്ടികളെല്ലാം അത്രയും പരിശുദ്ധമായ മഞ്ഞുതുള്ളികളാണ്. അവർ അരുവിയായി ഒഴുകി തുടങ്ങുന്ന നേരത്ത് ആ ഒഴുക്കിനെ ഏറ്റവും ഭംഗിയായി തിരിച്ചുവിടേണ്ടത് ഓരോ രക്ഷിതാക്കളുടേയും കടമയാണ്. നിഷ്കളങ്ക ബാല്യത്തിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം അതേപടി ഹൃദിസ്ഥമാക്കുന്ന പ്രായത്തിൽ അവരെ നേർവഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കളുടെ, ചുറ്റുപാടിന്റെ, സമൂഹത്തിന്റെ തന്നെ ഉത്തരവാദിത്തമാകുന്നു. അവിടെ പിഴവ് സംഭവിക്കുമ്പോൾ സമൂഹത്തോടും മറ്റു ആളുകളോടുമുള്ള കുട്ടിയുടെ മനോഭാവത്തിന് മാറ്റമുണ്ടാകുന്നു. വീട്ടിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഓർമ്മകളാവുമ്പോൾ വരും തലമുറയ്ക്ക് വാർദ്ധക്യം സംരക്ഷിക്കപ്പെടേണ്ടതല്ല കേവലം ഉപേക്ഷിക്കപ്പെടേണ്ടതാണന്ന ബോധ്യമാണുണ്ടാക്കുന്നത്.
ജീവിതാനുഭവങ്ങളുടെ വേലിയേറ്റങ്ങൾ ഉൾത്താളുകളിലുള്ളപ്പോഴും ആരാലും വായിക്കപ്പെടാതെ പുറംചട്ട പഴകിയ പുസ്തകങ്ങളാണ് വാർദ്ധക്യമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഉൾത്താളുകൾ ചിതലരിക്കാതെ പുറം ചട്ട അടരാതെ ഏതു പ്രായത്തിലും വർണ്ണാഭമാകണമെങ്കിൽ നമ്മുടെ കുഞ്ഞു കൈകൾ തന്നെ ഒരു വലിയ കൈതാങ്ങാവണം. മുമ്പെപ്പോഴൊ കണ്ടതിൽ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ഉളവാക്കിയ ഒരു പരസ്യചിത്രം ഉണ്ട്. “ഞാനും ഒരു വർണ്ണപ്പട്ടമായിരുന്നു …. ഞാനും ഒരു വർണ്ണ പുഷ്പ”മെന്ന് പാടിക്കൊണ്ട് കുട്ടികളുമൊത്ത് നിറങ്ങളിലും ആഘോഷങ്ങളിലും നിറഞ്ഞു നിന്നാടുന്ന ഒരു അമ്മൂമ്മയുടെ സാന്നിധ്യം പ്രകടമാകുന്ന പരസ്യചിത്രം. കുട്ടികൾ മാറ്റി നിർത്തുമ്പോഴും വർണ്ണച്ചേലയണിഞ്ഞ് അവരിലേക്കിറങ്ങി ചെന്ന് പട്ടം പറത്തി കൊണ്ട് ജീവിതം ആഘോഷമാക്കുന്ന ഒരു അമ്മുമ്മ. അവരുടെ മുഖത്തെ സന്തോഷം ഒരു നിമിഷമെങ്കിലും നമ്മുടേതുകൂടിയാകുന്നു.
അപ്പൂപ്പന് ഇരുമ്പുപാത്രത്തിൽ ചോറു കൊടുക്കുന്ന അച്ഛനോട് അപ്പൂപ്പൻ മരിച്ചാൽ അച്ഛനു വേണ്ടി സൂക്ഷിച്ചു വയ്ക്കണമെന്നുള്ള ഓർമ്മപ്പെടുത്തലാവരുത് നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യം. അവിടെയാണ് നാം കൊടുക്കുന്നതെന്തോ അതേ നമുക്കും തിരിച്ചു കിട്ടൂ എന്ന പഴമൊഴി പ്രസക്തമാവുന്നത്.
ഇനിയെത്രനാൾ ഈ വർണ്ണാഭമായ ലോകം അവരുടെ കൂടെയുണ്ടാവുമെന്നുള്ളതിന്റെ തിരിച്ചറിവ് നമ്മൾക്കുണ്ടാവണം. ചെറിയ യാത്രകൾ, പേരക്കുട്ടികളോടൊത്തുള്ള സഹവാസം, ഊർജ്ജസ്വലമാക്കുന്ന കരുതലുകൾ ഇതൊക്കെയാണ് അവർക്കും ആവശ്യം. ആ കരുതലിൽ കുഞ്ഞുമക്കളോടൊപ്പം വാനം നിറയെ പട്ടം പറത്തി അവർ ഇനിയും ജീവിതത്തിന് നിറമേകട്ടെ… ആ നിറം ചാർത്തലിൽ അനുഭവങ്ങളുടെ നിധിയിൽ ജീവിതം ഉത്സവമാകട്ടെ….
– താര അതിയടത്ത്
ജനാധിപത്യപരവും ധാര്മികവുമായ മൂല്യങ്ങളോട് ഇന്നത്തെ സമൂഹത്തിന്റെ നിസ്സംഗത ഞെട്ടിക്കുന്നതാണ്.മൂല്യങ്ങൾ നഷ്ടമായാലും സ്വത്
സമ്പാദിക്കുന്നത് മാത്രമാണ് ജീവിത ലക്ഷ്യം എന്ന നിലയിലേക്ക് ആളുകളുടെ മനോനില മാറിയിരിക്കുന്നു.സത്യസന്ധമായ വിലയിരുത്തലുകൾ ഈ എഴുത്തിൽ കാണുന്നു. Congrats
ജനാധിപത്യപരവും ധാര്മികവുമായ മൂല്യങ്ങളോട് ഇന്നത്തെ സമൂഹത്തിന്റെ നിസ്സംഗത ഞെട്ടിക്കുന്നതാണ്.മൂല്യങ്ങൾ നഷ്ടമായാലും സ്വത്തു
സമ്പാദിക്കുന്നത് മാത്രമാണ് ജീവിത ലക്ഷ്യം എന്ന നിലയിലേക്ക് ആളുകളുടെ മനോനില മാറിയിരിക്കുന്നു.ഈ യാഥാർഥ്യങ്ങളുടെ സത്യ സന്ധമായ വിലയിരുത്തലുകൾ ആണ്എഴുത്തിൽ കാണുന്നത്. Congrats