പാലക്കാട്: മുന്‍ഷിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കഥകളി ആചാര്യനും കീഴ്പടം കുമാരന് നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന് നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. കാട്ടാളന്, ഹംസം, ബ്രാഹ്മണന് തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.
കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു,മുൻഷിയിലൂടെ ഏവർ ക്കും സുപരിചിതൻ
Written by Taniniram
Published on: